കൊളംബൊ - മുന്‍ ശ്രീലങ്കന്‍ ഓഫ്സ്പിന്നര്‍ സചിത്ര സേനാനായകെയെ ഒത്തുകളിയുടെ പേരില്‍ ശ്രീലങ്കന്‍ പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. 2020 ലെ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിനിടെ ഒത്തുകളിക്ക് സഹതാരങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് മുപ്പത്തെട്ടുകാരനെതിരായ കുറ്റം. ആ ടൂര്‍ണമെന്റില്‍ സചിത്ര കളിച്ചിരുന്നില്ല. വിദേശത്തിരുന്നാണ് അദ്ദേഹം നിരവധി കളിക്കാരുമായി ബന്ധപ്പെട്ടത്. അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ശ്രീലങ്കന്‍ കോടതി യാത്രാ വിലക്കേര്‍പ്പെടുത്തിയിരുന്നു.
2014 ല്‍ ട്വന്റി20 ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു സചിത്ര. 2013 ലെ ഐ.പി.എല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അഞ്ച് കോടി രൂപക്ക് താരത്തെ സ്വന്തമാക്കിയിരുന്നു. 2014 ല്‍ തെറ്റായ ബൗളിംഗ് ആക്ഷന്റ പേരില്‍ വിലക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കരിയര്‍ അവസാനിച്ചത്. 2015 ഡിസംബറിലാണ് അവസാന ഇന്റര്‍നാഷനല്‍ മത്സരം കളിച്ചത്. 49 ഏകദിനങ്ങളും 24 ട്വന്റി20 കളും ഒരു ടെസ്റ്റും കളിച്ചിട്ടുണ്ട്.