കൊളംബൊ - ഏഷ്യാ കപ്പ്് ക്രിക്കറ്റിലെ ശ്രീലങ്കയില്‍ നടക്കുന്ന മത്സരങ്ങളില്‍ മഴ കാര്യമായി ഇടങ്കോലിടുന്ന സാഹചര്യത്തില്‍ കളികള്‍ കൊളംബൊ മേഖലയില്‍ നിന്ന് ഹമ്പന്‍തൊട്ടയിലേക്ക് മാറ്റിയേക്കും. കൊളംബോയെയും പള്ളിക്കെലെയെയും അപേക്ഷിച്ച് തെക്കന്‍ തീരപ്രദേശമായ ഹമ്പന്‍തൊട്ടയില്‍ സെപ്റ്റംബറില്‍ മഴ കുറവായിരിക്കും. അതേസമയം കൊളംബോയിലെ ഖെറ്റരാമ സ്റ്റേഡിയത്തിനു സമീപം കനത്ത മഴയില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.
എന്നാല്‍ ഹമ്പന്‍തൊട്ടയില്‍ സൗകര്യമൊരുക്കാന്‍ ശ്രീലങ്ക പ്രയാസപ്പെടും. സൂര്യവേവ എന്ന കൊച്ചു നഗരത്തിനടുത്ത വനമ്പ്രദേശത്താണ് ഹമ്പന്‍തൊട്ട സ്റ്റേഡിയം. മുക്കാല്‍ മണിക്കൂറെങ്കിലും സഞ്ചരിച്ചാലേ മികച്ച ഹോട്ടലുകളിലെത്താനാവൂ. നാല് ടീമുകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി ഈ ഹോട്ടലുകളില്‍ പൊടുന്നനെ മുറികള്‍ ലഭ്യമാവുമെന്ന് ഉറപ്പില്ല. മാച്ച് ഒഫിഷ്യലുകളും കമന്റേറ്റര്‍മാരും ബ്രോഡ്കാസ്റ്റിംഗ് ജീവനക്കാരുമായി വലിയ സംഘം വേറെയുമുണ്ട്.
വരണ്ട പ്രദേശമായ ദംബുല്ലയിലും സ്റ്റേഡിയമുണ്ടെങ്കിലും ഫഌ്ലൈറ്റുകള്‍ സജ്ജമല്ല. ഞായറാഴ്ചയാണ് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ആരംഭിക്കുക.