ലാഹോര്‍ - സൂപ്പര്‍ ഫോറിന്റെ പടിവാതില്‍ക്കലെത്തിയ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ അഫ്ഗാനിസ്ഥാന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തായി. എട്ടിന് 291 റണ്‍സെടുത്ത ശ്രീലങ്കയെ 37.1 ഓവറില്‍ മറികടന്നാലേ ബംഗ്ലാദേശിനെ റണ്‍റെയ്റ്റില്‍ മറികടന്ന് അഫ്ഗാനിസ്ഥാന് സൂപ്പര്‍ ഫോറിലെത്താന്‍ സാധിക്കുമായിരുന്നുള്ളൂ. 37ാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച റാഷിദ് ഖാന്‍ (16 പന്തില്‍ 27 നോട്ടൗട്ട്) അവരെ എട്ടിന് 289 ലെത്തിച്ചു. എന്നാല്‍ റാഷിദ് നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിസ്സഹായനായി നില്‍ക്കെ മുപ്പത്തെട്ടാം ഓവറില്‍ മുജീബുറഹ്മാനെയും ഫസലല്ല ഫാറൂഖിയെയും പുറത്താക്കി ധനഞ്ജയ ഡിസില്‍വ ശ്രീലങ്കയെ സ്വന്തം നാട്ടില്‍ നടക്കുന്ന ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേക്ക് ആനയിച്ചു. രണ്ട് റണ്‍സിനാണ് ശ്രീലങ്ക ജയിച്ചത്. ബംഗ്ലാദേശും സൂപ്പര്‍ ഫോറിലെത്തി.
ശ്രീലങ്ക രണ്ടു കളികളും ജയിച്ചപ്പോള്‍ ബംഗ്ലാദേശ് ഒരു ജയത്തോടെ സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. 24 പന്തില്‍ അര്‍ധ ശതകം തികച്ച മുഹമ്മദ് നബിയുടെയും (32 പന്തില്‍ 65) ക്യാപ്റ്റന്‍ ഹശ്മതുല്ല ശാഹിദി (66 പന്തില്‍ 59), റഹ്മത് ഷാ (40 പന്തില്‍ 45) എന്നിവരും തകര്‍ത്തടിച്ചപ്പോള്‍ അഫ്ഗാന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വമ്പനടികള്‍ക്കുള്ള ശ്രമത്തില്‍ തുടരെ വിക്കറ്റ് വീണതോടെ അഫ്ഗാനിസ്ഥാന്‍ ഓളൗട്ടായി. ശ്രീലങ്കക്കും ബംഗ്ലാദേശിനുമൊപ്പം പാക്കിസ്ഥാനും ഇന്ത്യയുമാണ് സൂപ്പര്‍ ഫോറില്‍ കളിക്കുക.
നേരത്തെ കുശാല്‍ മെന്‍ഡിസാണ് (84 പന്തില്‍ 92) ശ്രീലങ്കന്‍ ഇന്നിംഗ്‌സിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ റാഷിദ് ഖാന്‍ നേരിട്ടെറിഞ്ഞ് വീഴ്ത്തിയതോടെ കുശാലിന് സെഞ്ചുറി തികക്കാനായില്ല. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് സിക്‌സറും ആറ് ബൗണ്ടറിയുമുണ്ട് കുശാലിന്റെ ഇന്നിംഗ്‌സില്‍.
പത്തും നിസങ്കയും (41) ദിമുത് കരുണരത്‌നെയും (32) നല്ല അടിത്തറയിട്ട ശേഷം കുശാലും ചരിത അസരെങ്കലും (36) നാലാം വിക്കറ്റില്‍ 102 റണ്‍സ് ചേര്‍ത്തു. മൂന്നിന് 186 ലെത്തിയ ശേഷം 41 റണ്‍സിനിടെ ശ്രീലങ്കക്ക് നാലു വിക്കറ്റ് നഷ്ടപ്പെട്ടു. ദസുന്‍ ഷാനകയുടെ ഷോട്ട് റാഷിദ് തിരിച്ചുവിട്ടത് നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ സ്റ്റമ്പ് തെറിപ്പിക്കുമ്പോള്‍ കുശാല്‍ ക്രീസിന് പുറത്തായിരുന്നു. ദുനിത് വെലലാഗെയും (33) മഹീഷ് തീക്ഷണയും (28) എട്ടാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പെയ്‌സ്ബൗളര്‍ ഗുല്‍ബുദ്ദീന്‍ നാഇബ് 60 റണ്‍സിന് നാലു വിക്കറ്റെടുത്തു.
അഫ്ഗാനിസ്ഥാന് ഓപണര്‍മാരായ റഹമതുല്ല ഗുര്‍ബാസിനെയും (4) ഇബ്രാഹിം സദ്‌റാനെയും (7) അഞ്ചോവറിനിടയില്‍ നഷ്ടപ്പെട്ടു. എന്നാല്‍ മധ്യനിര പ്രത്യാക്രമണം നടത്തി.