Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്ലബ്ബ് ലോകകപ്പ്: മൂന്ന് ചാമ്പ്യന്‍ കളിക്കാരുമായി ഇത്തിഹാദ് ഇറങ്ങും

ജിദ്ദ - സൗദി അറേബ്യ വിരുന്നൊരുക്കുന്ന അടുത്ത ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരക്രമം നിശ്ചയിച്ചു. ആതിഥേയരെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ സ്ഥാനം കിട്ടിയ സൗദി ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ് ആദ്യ മത്സരത്തില്‍ ഓഷ്യാന ചാമ്പ്യന്മാരായ ഓക്‌ലന്റ് സിറ്റിയുമായി ഏറ്റുമുട്ടും. യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്കും സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നല്‍കിയിരിക്കുകയാണ്. ആറ് ഫിഫ മേഖലകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ലീഗ് ജേതാക്കളുമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. അല്‍ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടായ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റിയിലെ സ്‌റ്റേഡിയത്തില്‍ 62,000 പേര്‍ക്ക് കളി കാണാം. കരീം ബെന്‍സീമയുള്‍പ്പെടെ ക്ലബ്ബ് ലോകകപ്പ് ചാമ്പ്യന്മാരായ മൂന്ന് കളിക്കാര്‍ ഇപ്പോള്‍ ഇത്തിഹാദ് ടീമിലുണ്ട്. ബെന്‍സീമ റയല്‍ മഡ്രീഡിനൊപ്പം അഞ്ചു തവണ ക്ലബ്ബ് ലോകകപ്പ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സൗദിയിലെ അല്‍ഹിലാലിനെ തോല്‍പിച്ചാണ് റയല്‍ കിരീടം നേടിയത്. 5-3 വിജയത്തില്‍ ബെന്‍സീമയും സ്‌കോര്‍ ചെയ്തിരുന്നു. എന്‍ഗോളൊ കാണ്ടെ, ഫാബിഞ്ഞൊ എന്നിവരും ക്ലബ്ബ് ലോകകപ്പ് നേടിയിട്ടുണ്ട്. കാണ്ടെ 2021 ല്‍ ചെല്‍സിക്കൊപ്പവും ഫാബിഞ്ഞൊ 2019 ല്‍ ലിവര്‍പൂളിനൊപ്പവും. 
ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനിലെ ഉറാവ റെഡ് ഡയമണ്ട്‌സും കോണ്‍കകാഫ് ചാമ്പ്യന്മാരായ മെക്‌സിക്കോയിലെ ക്ലബ്ബ് ലിയോണും തമ്മിലുള്ള ക്വാര്‍ട്ടറിലെ വിജയികളെയാണ് മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനലില്‍ നേരിടുക. ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന കോപ ലിബര്‍ടഡോറസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ നാലിനാണ്. ടൂര്‍ണമെന്റ് ഇപ്പോള്‍ സെമി ഫൈനല്‍ ഘട്ടത്തിലെത്തി നില്‍ക്കുന്നു. ബൊക്ക ജൂനിയേഴ്‌സ് (അര്‍ജന്റീന), ബ്രസീലിയന്‍ ക്ലബ്ബുകളായ പാല്‍മീരാസ്, ഫഌമിനന്‍സ്, ഇന്റര്‍നാഷനാല്‍ ടീമുകള്‍ സെമിയിലെത്തിയിട്ടുണ്ട്. 
ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍അഹ്‌ലി ക്വാര്‍ട്ടറിലാണ് ടൂര്‍ണമെന്റില്‍ പ്രവേശിക്കുക. അല്‍ഇത്തിഹാദ്-ഓക്‌ലന്റ് മത്സര വിജയികളെ അവര്‍ ക്വാര്‍ട്ടറില്‍ നേരിടും. ഈ ക്വാര്‍ട്ടറിലെ വിജയികളുമായാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ സെമി ഫൈനല്‍ കളിക്കുക. 
ഡിസംബര്‍ 12 നാണ് ടൂര്‍ണമെന്റ് ജിദ്ദയില്‍ ആരംഭിക്കുക. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ ഡിസംബര്‍ 15 നാണ്. ഡിസംബര്‍ 18, 19 തിയ്യതികളില്‍ സെമി ഫൈനലുകള്‍ അരങ്ങേറും. 22 നാണ് ഫൈനല്‍. 
ഇപ്പോഴത്തെ രൂപത്തിലുള്ള അവസാനത്തെ ക്ലബ്ബ് ലോകകപ്പായിരിക്കും ജിദ്ദയില്‍ നടക്കുക. 2025 ലെ അടുത്ത എഡിഷനില്‍ 32 ടീമുകള്‍ പങ്കെടുക്കും. നാലു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പുതിയ രൂപത്തിലുള്ള ക്ലബ്ബ് ലോകകപ്പിന്റെ ആദ്യ എഡിഷന്‍ 2025 ജൂണില്‍ അമേരിക്കയിലായിരിക്കും. 
ക്ലബ്ബ് ലോകകപ്പിന്റെ 16 എഡിഷനുകളില്‍ 15 തവണയും യൂറോപ്യന്‍ ചാമ്പ്യന്മാരാണ് കിരീടം കൊണ്ടുപോയത്. 2012 ല്‍ ചെല്‍സിയെ ബ്രസീലിലെ കൊറിന്തിയന്‍സ് ഫൈനലില്‍ തോല്‍പിച്ചതാണ് അപവാദം. 
സൗദി ടൂറിസം പ്രമോഷന്‍ ബോര്‍ഡായ വിസിറ്റ് സൗദിയാണ് ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. 

Latest News