ഫീല്‍ഡിംഗ് ഇന്ത്യയെ ചതിച്ചു, മഴയില്‍ പോയന്റ് നഷ്ടപ്പെടുമോ?

പള്ളിക്കെലെ - ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ 10 പന്ത് ശേഷിക്കെ നേപ്പാള്‍ 230 ന് ഓളൗട്ടായി. ഓപണര്‍ ആസിഫ് ശെയ്ഖിന്റെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്കെതിരെ ആദ്യമായി കളിക്കുന്ന നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. നല്ല തുടക്കത്തിന് ശേഷം നേപ്പാളിന് വഴി തെറ്റിയെങ്കിലും മധ്യനിരയുടെ മികച്ച പ്രകടനം അവരെ സുരക്ഷിതത്വത്തിലേക്ക് നയിച്ചു. എട്ടാം നമ്പറായി ഇറങ്ങിയ സോംപാല്‍ കാമി 48 റണ്‍സടിച്ചു. സ്പിന്നര്‍ രവീന്ദ്ര ജദേജയും (10-0-40-3) മുഹമ്മദ് സിറാജും (9.2-1-61-3) ആറു വിക്കറ്റ് പങ്കുവെച്ചു. ഇന്ത്യന്‍ ഇന്നിംഗ്‌സ് പലതവണ മഴ തടസ്സപ്പെടുത്തി. ഇന്ത്യ ബാറ്റിംഗ് തുടങ്ങുമ്പോഴേക്കും വീണ്ടും മഴയെത്തി. 2.1 ഓവറില്‍ 17 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍. 20 ഓവറെങ്കിലും പൂര്‍ത്തിയായില്ലെങ്കില്‍ ഇന്ത്യക്ക് പോയന്റ് നഷ്ടപ്പെടും. പാക്കിസ്ഥാനെതിരായ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. 
ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കെതിരെ നേപ്പാള്‍ നന്നായി തുടങ്ങി. ആദ്യ അഞ്ചോവറില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ മൂന്ന് ക്യാച്ചുകള്‍ കൈവിട്ടത് നേപ്പാളിന് താങ്ങായി. സ്ലിപ്പില്‍ ശ്രേയസ് അയ്യരും ഷോര്‍ട് കവറില്‍ വിരാട് കോലിയും ക്യാച്ചുകള്‍ കൈവിട്ടു. വിക്കറ്റ്കീപ്പര്‍ ഇശാന്‍ കിഷന്റെ ഗ്ലൗസിനിടയിലൂടെ പന്ത് ഊളിയിട്ടു. മുഹമ്മദ് സിറാജിനെ തുടര്‍ച്ചയായി ബൗണ്ടറിക്കും സിക്‌സറിനുമുയര്‍ത്തിയ ഓപണര്‍മാരായ കുശാല്‍ ഭുര്‍തേലും (25 പന്തില്‍ 38) ആസിഫ് ശെയ്ഖും (97 പന്തില്‍ 58) പത്തോവര്‍ പിന്നിടും മുമ്പെ 65 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ശാര്‍ദുല്‍ താക്കൂറിനെയും ഭുര്‍തേല്‍ ശൂന്യമായ ഗാലറിയിലേക്കുയര്‍ത്തി. 
ശാല്‍ദുല്‍ താക്കൂറാണ് (4-0-26-1) ഈ കൂട്ടുകെട്ട് പൊളിച്ചത്. ശാര്‍ദുലിനെ സിക്‌സറിനുയര്‍ത്തിയ കുശാല്‍ അടുത്ത പന്തില്‍ പുറത്തായി. സ്പിന്നര്‍മാരായ രവീന്ദ്ര ജദേജയും കുല്‍ദീപ് യാദവും കടിഞ്ഞാണേറ്റെടുത്തതോടെയാണ് റണ്ണൊഴുക്ക് നിലച്ചത്. ജദേജ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയതോടെ വിക്കറ്റ് പോവാതെ 65 ല്‍ നിന്ന് നാലിന് 101 ലേക്ക് നേപ്പാള്‍ തകര്‍ന്നു. ആസിഫിനെ സിറാജാണ് മടക്കിയത്. ഗുല്‍സന്‍ ഝായും (23) ദീപേന്ദ്ര സിംഗ് അയ്‌രീയും (29) സോംപാല്‍ കാമിയുമാണ് (48) സ്‌കോര്‍ 200 കടത്തിയത്. അവസാന മൂന്നു വിക്കറ്റുകള്‍ രണ്ട് റണ്‍സിനിടെ നിലംപൊത്തി.
 

Latest News