ലാഹോര്‍ - ഏഷ്യാ കപ്പ് ആതിഥേയരായ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കാന്‍ ബി.സി.സി.ഐ സംഘം പാക്കിസ്ഥാനിലെത്തി. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുമടങ്ങുന്ന സംഘം വാഗാ അതിര്‍ത്തി വഴിയാണ് പാക്കിസ്ഥാനിലേക്ക് പോയത്. ഇന്ത്യന്‍ സംഘത്തിന് പി.സി.ബി ചെയര്‍മാന്‍ സാക്ക അശ്‌റഫിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ക്രിക്കറ്റ് ബന്ധങ്ങളില്‍ മഞ്ഞുരുക്കമുണ്ടാവുമെന്ന് സാക്ക അശ്‌റഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. പി.സി.ബിയുടെ ക്ഷണം സ്വീകരിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു.
2008 നവംബറിനു ശേഷം ആദ്യമായാണ് ബി.സി.സി.ഐ സംഘം പാക്കിസ്ഥാനിലെത്തുന്നത്. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ബി.സി.സി.ഐ സെക്രട്ടറിയാണെന്നും അതിനാല്‍ ഏഷ്യാ കപ്പ് ആതിഥേയര്‍ ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കേണ്ടത് മര്യാദയാണെന്നും രാജീവ് ശുക്ല പറഞ്ഞു. കഴിഞ്ഞയാഴ്ച ബി.സി.സി.ഐ സംഘം ശ്രീലങ്കയും സന്ദര്‍ശിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
താന്‍ അവസാനമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത് 2005 ലാണെന്ന് ബിന്നി പറഞ്ഞു. ലാഹോറില്‍ ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാന്‍-ശ്രീലങ്ക മത്സരം ബിന്നിയും രാജീവ് ശുക്ലയും വീക്ഷിക്കും.