റിയാദ്- ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പിന് റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഹഫദ് ഒളിംപിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിൽ തുടക്കം. 170 ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2500 പുരുഷ, വനിത അത്‌ലറ്റുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. പാരീസ് ഒളിംപിക്‌സിലേക്ക് യോഗ്യത നേടുന്നതിന് ഭാരോദ്വഹന താരങ്ങൾക്ക് ഈ മത്സരത്തിൽ പങ്കാളിത്തം നിർബന്ധമാണ്. ഈ മാസം 17 വരെയാണ് ചാമ്പ്യൻഷിപ്പ്.
ഇന്റർനാഷണൽ വെയ്റ്റ്‌ലിഫ്റ്റിംഗ് ഫെഡറേഷൻ പ്രസിഡന്റ് മുഹമ്മദ് ജലൂദ് അടക്കം പ്രമുഖർ ഉദ്ഘാടന ചടങ്ങിന് സാക്ഷിയായി.
നാൽപത് മിനിട്ട് നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങിൽ അന്താരാഷ്ട്ര ഭാരോദ്വഹന ടീമുകളുടെ കലാപ്രകടനം ആവേശമായി. അക്രോബാറ്റിക് പ്രകടനങ്ങളും വിവിധ രാജ്യങ്ങളിലെ അപൂർവയിനം നാടൻ കലാരൂപങ്ങളും ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ചടങ്ങിന് മാറ്റുകൂട്ടി.
ഭാരോദ്വഹനത്തിന്റെ ചരിത്രത്തിൽ ആഗോള തലത്തിൽ ഇത്തരത്തിലുള്ള ആദ്യ ചാമ്പ്യൻഷിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ചാമ്പ്യൻഷിപ്പ് സംഘാടക സമിതി പൂർത്തിയാക്കിയിരുന്നു. 16 ദിവസം അറ്റ്‌ലറ്റുകളെ താമസ സ്ഥലത്ത് നിന്ന് വേദിയിലേക്ക് കൊണ്ടുപോകാൻ 20 ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എട്ടു മുതൽ പത്ത് വരെ പരിശീലനവും നടക്കും. ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട സജീവ കമ്മിറ്റികളിലൊന്നായാണ് ഉത്തേജക മരുന്ന് കമ്മിറ്റി കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 50 ലധികം ടെസ്റ്റ് സാമ്പിളുകൾ കമ്മിറ്റി പരിശോധിക്കും. അതോടൊപ്പം ഉത്തേജക മരുന്ന് സംബന്ധിച്ച് അറ്റ്‌ലറ്റുകൾക്ക് ബോധവത്കരണവും നടത്തും.
കിർഗിസ്ഥാൻ ടീം കഴിഞ്ഞയാഴ്ച തന്നെ റിയാദിലെത്തി. തായ്‌ലന്റ്, കാനഡ, ജർമനി, ഇറ്റലി, ജപ്പാൻ, പോർച്ചുഗൽ, ഇംഗ്ലണ്ട് ടീമുകളും പിന്നീടെത്തി.