കൊൽക്കത്ത- ഡ്യൂറണ്ട് കപ്പ് കിരീടം മോഹൻ ബഗാൻ സ്വന്തമാക്കി. കൊൽക്കത്ത ഡർബിയിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് മോഹൻ ബഗാൻ കിരീടത്തിൽ മുത്തമിട്ടത്. മറുപടി ഇല്ലാത്ത ഒരു ഗോളിനായിരുന്നു ബഗാന്റെ വിജയം. അര മണിക്കൂറോളം പത്തു പേരുമായി കളിച്ചാണ് ബഗാൻ വിജയിച്ചത്. അറുപത്തിരണ്ടാമത്തെ മിനിറ്റിൽ മോഹൻ ബഗാൻ താരം അനിരുദ്ധ് താപയെ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ആദ്യ പകുതി കളി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ ദിമിത്രി പെട്രാറ്റോസ് വിജയ ഗോൾ നേടി. മത്സരത്തിന്റെ 71ആം മിനിറ്റിൽ ആയിരുന്നു ഈ ഗോൾ. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ടിരുന്നു. അതിനുള്ള പകവീട്ടൽ കൂടിയായി ഈ വിജയം.