ഭുവനേശ്വര്‍ - ലോകകപ്പ് ഫുട്‌ബോളിന്റെ യോഗ്യതാ മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ ശ്രമം താല്‍ക്കാലികമായെങ്കിലും പൂവണിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം അണ്ടര്‍-17 വനിതാ ലോകകപ്പ് വിജയകരമായി നടത്തിയ ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിലും ഗുവാഹതിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലുമായിരിക്കും ആദ്യ രണ്ടു കളികള്‍. ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പ് എ-യില്‍ നവംബര്‍ 16 ന് കുവൈത്തിനെതിരായ എവേ മത്സരത്തോടെയാണ് ഇന്ത്യ തുടങ്ങുക. 21 ന് ഒഡിഷയില്‍ ഖത്തറിനെ ഇന്ത്യ നേരിടും. ഖത്തര്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരാണ്. അഫ്ഗാനിസ്ഥാനും മംഗോളിയയും തമ്മിലുള്ള പ്രാഥമിക റൗണ്ട് മത്സരത്തിലെ വിജയികളായിരിക്കും ഈ ഗ്രൂപ്പിലെ നാലാമത്തെ ടീം. 2026 ല്‍ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായാണ് അടുത്ത ലോകകപ്പ്.
ഇന്ത്യയുടെ അടുത്ത എവേ മത്സരം അടുത്ത വര്‍ഷമാണ്-മാര്‍ച്ച് 21 നാണ് അഫ്ഗാനിസ്ഥാനെയോ മംഗോളിയയെയോ നേരിടുക. മാര്‍ച്ച് 26 ന് അതേ ടീമുമായി ഗുവാഹതിയില്‍ റിട്ടേണ്‍ ലെഗ് കളിക്കും. ജൂണ്‍ ആറിനാണ് കുവൈത്തിനെതിരായ ഹോം മത്സരം. ഈ മത്സരത്തിന്റെ വേദി മാത്രമേ ഇനി പ്രഖ്യാപിക്കാനുള്ളൂ.






