മലപ്പുറം-സന്തോഷ് ട്രോഫിക്കും കേരള പ്രീമിയര്‍ ലീഗിനും പിന്നാലെ കാല്‍പ്പന്തിന്റെ നാട് സംസ്ഥാന സീനിയര്‍ ഫുട്ബോളിന് വേദിയൊരുക്കുന്നു. മലപ്പുറം കോട്ടപ്പടി മൈതാനത്ത് ശനിയാഴ്ച ടൂര്‍ണമെന്റ് ആരംഭിക്കും. രാവിലെ ഏഴിനു മുന്‍ചാമ്പ്യന്‍മാരായ കണ്ണൂര്‍ ആലപ്പുഴയെ നേരിടും. വൈകീട്ട് നാലിന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ശേഷം എറണാകുളവും ഇടുക്കിയും ഏറ്റുമുട്ടും. സീനിയര്‍ ഫുട്‌ബോളിനു അവസാനം മലപ്പുറം വേദിയായത് 2016-ലായിരുന്നു.
ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, ഇടുക്കി ടീമുകള്‍ വെള്ളിയാഴ്ച എത്തിയിട്ടുണ്ട്.. മലപ്പുറം കോട്ടപ്പടി, കുന്നുമ്മല്‍, കിഴക്കേതല എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് ടീമുകളുടെ താമസം. മലപ്പുറം എം.എസ്.പിയിലെ മൈതാനങ്ങളാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്.
ഞായറാഴ്ച ശക്തരായ കോഴിക്കോട്-തിരുവനന്തപുരം മത്സരം അരങ്ങേറും. നിലവിലെ ജേതാക്കളായ കാസര്‍ഗോഡ് രണ്ടാം സ്ഥാനക്കാരായ മലപ്പുറം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്.
കണ്ണൂര്‍-ആലപ്പുഴ മത്സരത്തിലെ വിജയികളാണ് കാസര്‍ഗോഡിനു ക്വാര്‍ട്ടറില്‍ എതിരാളിയാവുക. വയനാട്-കോട്ടയം മത്സരത്തിലെ വിജയികളുമായി ബുധനാഴ്ച മലപ്പുറം ക്വാര്‍ട്ടര്‍ കളിക്കും. ഏഴ്, എട്ട് തിയതികളില്‍ സെമിഫൈനലും ഒമ്പതിനു ഫൈനലും നടക്കും. ക്വാര്‍ട്ടര്‍ വരെ ദിവസവും രണ്ടു മത്സരങ്ങളുണ്ടാകും. രാവിലെ ഏഴിനും വൈകീട്ട് നാലിനും.
സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് ഫുട്ബോള്‍ എന്നിവക്കുള്ള കേരളാ ടീമിനെ ഈ
ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് തെരഞ്ഞെടുക്കുക. സീസണ്‍ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖകളിലും കോട്ടപ്പടി സ്റ്റേഡിയത്തിന്റെ ഗാലറി കൗണ്ടറിലും സീസണ്‍ ടിക്കറ്റ് ലഭിക്കും. 450 രൂപയാണ് നിരക്ക്. ദിവസ ടിക്കറ്റ് സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ 50 രൂപയാണ് ഗാലറി ടിക്കറ്റ് നിരക്ക്. കസേരക്ക് 100 രൂപ നല്‍കണം.






