നിയോണ്‍ - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ് ജി-യില്‍. ജര്‍മനിയിലെ ലെയ്പ്‌സിഷാണ് ഗ്രൂപ്പിലെപ്രധാന എതിരാളികള്‍. സെര്‍ബിയയിലെ ക്രവേന സ്വെസ്ദ, യംഗ് ബോയ്‌സ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
അതേസമയം ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമുകള്‍ക്ക് മുന്നേറ്റം പ്രയാസമായിരിക്കും. ബയേണും യുനൈറ്റഡും ഗ്രൂപ്പ് എ-യിലാണ്. ഗ്രൂപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ പൊരുതേണ്ടത് എഫ്.സി കോപന്‍ഹാഗന്‍, ഗലതസറായ് ടീമുകളുമായാണ്.
ഗ്രൂപ്പ് ബി-യില്‍ ആഴ്‌സനലിന് മുന്‍ ചാമ്പ്യന്മാരായ പി.എസ്.വി ഐന്തോവനെ നേരിടണം. യൂറോപ്പ ചാമ്പ്യന്മാരായ സെവിയയും ഫ്രാന്‍സിലെ ലെന്‍സും ഈ ഗ്രൂപ്പിലാണ്. പി.എസ്.ജിയുള്‍പ്പെടുന്ന ഗ്രൂപ്പ് എഫും അതിശക്തമാണ്. ബൊറൂസിയ ഡോര്‍ട്മുണ്ട്, എ.സി മിലാന്‍, സൗദി പിന്തുണയുള്ള ന്യൂകാസില്‍ ടീമുകള്‍ ഈ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എച്ചില്‍ ബാഴ്‌സലോണക്ക് മുന്‍ ചാമ്പ്യന്മാരായ പോര്‍ടോയുടെ വെല്ലുവിളിയുണ്ട്. ഉക്രൈനിലെ ശാഖ്തര്‍ ഡോണറ്റ്‌സ്‌ക്, ബെല്‍ജിയത്തിലെ റോയല്‍ ആന്റ്‌വേര്‍പ് ടീമുകളും ഈ ഗ്രൂപ്പിലാണ്.
ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ നാപ്പോളിക്കും പോര്‍ചുഗലിലെ ബ്രാഗയും ജര്‍മനിയിലെ യൂനിയന്‍ ബെര്‍ലിനുമുള്‍പ്പെടുന്ന ഗ്രൂപ്പ് സി-യിലാണ് റെക്കോര്‍ഡ് തവണ ജേതാക്കളായ റയല്‍ മഡ്രീഡ്. ഗ്രൂപ്പ് ഡി-യില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്റെ എതിരാളികള്‍ പോര്‍ചുഗലിലെ ബെന്‍ഫിക്കയും ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗും സ്‌പെയിനിലെ റയല്‍ സൊസൈദാദുമാണ്.
ഗ്രൂപ്പ് ഇ-യില്‍ അത്‌ലറ്റിക്കൊ മഡ്രീഡിന് ഫെയ്‌നൂര്‍ദ്, ലാസിയൊ, സെല്‍റ്റിക് ടീമുകളുമായി പൊരുതണം.






