ന്യൂയോര്‍ക്ക് - മൂന്നു വര്‍ഷം മുമ്പ് വിരമിക്കുകയും രണ്ടു മക്കളെ പ്രസവിക്കുകയും ചെയ്ത ശേഷം തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ കരൊലൈന്‍ വോസ്‌നിയാക്കി യു.എസ് ഓപണ്‍ ടെന്നിസില്‍ അട്ടിമറി തുടരുന്നു. പതിനൊന്നാം സീഡ് പെട്ര കവിറ്റോവയെ 7-5, 7-6 (7-5) ന് തോല്‍പിച്ച് മുപ്പത്തിമൂന്നുകാരി മൂന്നാം റൗണ്ടിലെത്തി. 2009 ലെയും 2013 ലെയും യു.എസ് ഓപണ്‍ ഫൈനലിസ്റ്റായിരുന്നു വോസ്‌നിയാക്കി. 2019 ലാണ് അവസാനം യു.എസ് ഓപണ്‍ കളിച്ചത്. കവിറ്റോവ രണ്ടു തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു.
യു.എസ് ഓപണ്‍ ടെന്നിസില്‍ ചൈനീസ് താരം ഷാംഗ് ഷിഷെന്‍ ചരിത്രമെഴുതി. ലോക അഞ്ചാം നമ്പറും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുമായ കാസ്പര്‍ റൂഡിനെ 6-4, 5-7, 6-2, 0-6, 6-2 ന് അട്ടിമറിച്ച് ഷിഷന്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ആദ്യമായാണ് ഒരു ചൈനീസ് കളിക്കാരന്‍ ലോക റാങ്കിംഗില്‍ ആദ്യ അഞ്ചിലുള്ള താരത്തെ തോല്‍പിക്കുന്നത്. ആദ്യ റൗണ്ടിലും ഷിഷെന്‍ അഞ്ച് സെറ്റിലാണ് ജയിച്ചത്. ഇതാദ്യമായി രണ്ട് ചൈനീസ് താരങ്ങള്‍ യു.എസ് ഓപണിന്റെ രണ്ടാം റൗണ്ടിലെത്തിയിരുന്നു. വു യിബിംഗും രണ്ടാം റൗണ്ടിലുണ്ട്. ഇരുപത്താറുകാരനായ ഷിഷെംഗ് വിംബിള്‍ഡണില്‍ മുഖ്യ റൗണ്ടിലെത്തുന്ന ആദ്യ ചൈനക്കാരനായിരുന്നു. കഴിഞ്ഞ ഫ്രഞ്ച് ഓപണില്‍ മൂന്നാം റൗണ്ടിലെത്തി. റൂഡ് ഏറ്റവുമുയര്‍ന്ന എ.ടി.പി റാങ്കിംഗ് നേടിയ നോര്‍വെ താരമായിരുന്നു.
ആദ്യ രണ്ട് സെറ്റ് നേടുകയും മൂന്നാം സെറ്റില്‍ 5-3 ല്‍ മത്സരത്തിനായി സെര്‍വ് ചെയ്യുകയും ചെയ്ത ശേഷം സ്റ്റെഫനോസ് സിറ്റ്‌സിപാസ് പുറത്തായി. 128ാം റാങ്കുകാരന്‍ ഡൊമിനിക് സ്ട്രിക്കറാണ് 7-5, 6-7 (2-7), 6-7 (5-7), 7-6 (8-6), 6-3 ന് സിറ്റ്‌സിപാസിനെ തോല്‍പിച്ചത്. 2020 ലെ ചാമ്പ്യന്‍ ഡൊമിനിക് തിയേം പരിക്കേറ്റ് പിന്മാറി.
നോവക് ജോകോവിച്, ഈഗ ഷ്വിയോന്‍ടെക്, കോക്കൊ ഗഫ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ മൂന്നാം റൗണ്ടില്‍ സ്ഥാനം പിടിച്ചു. എഴുപത്താറാം റാങ്കുകാരന്‍ സപാറ്റ മിറാലിസിനെ നോവക് 6-4, 6-1, 6-1 ന് തകര്‍ത്തു. യു.എസ് ഓപണില്‍ മൂന്നാം റൗണ്ടിന് മുമ്പ് നോവക് ഒരിക്കലും പുറത്തായിട്ടില്ല.
നിലവിലെ വനിതാ ചാമ്പ്യന്‍ ഈഗയും പത്തൊമ്പതുകാരി ഗഫും പരസ്പരം ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഈഗ 6-3, 6-4 ന് ദാരിയ സെവിലിനെയും ഗഫ് 6-3, 6-2 ന് പതിനാറുകാരി മിറ ആന്ദ്രീവയേയും തോല്‍പിച്ചു.






