മുംബൈ - മുകേഷ് അംബാനിയും അമേരിക്കന്‍ കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമായ വയകോമിന് 2029 വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എല്ലാ ഹോം മത്സരങ്ങളുടെയും ടി.വി, ഡിജിറ്റല്‍ സംപ്രേഷണാവകാശം. ഡിസ്‌നിയെയും സോണിയെയും തോല്‍പിച്ച് 72.1 കോടി ഡോളറിനാണ് (5963 കോടി രൂപ) വയാകോം കരാര്‍ നേടിയെടുത്തത്. ഐ.പി.എല്‍ ഒഴികെ ഇന്ത്യയില്‍ നടക്കുന്ന എല്ലാ ആഭ്യന്തര, ഇന്റര്‍നാഷനല്‍ മത്സരങ്ങളും കരാറില്‍ ഉള്‍പ്പെടും. ഈ കാലയളവില്‍ ഇന്ത്യ 88 മത്സരങ്ങളാണ് കളിക്കുക. ഒരു മത്സരത്തിന് ശരാശരി 67.75 കോടി രൂപയാണ് വയാകോം നല്‍കുക. 2018-23 കാലയളവില്‍ ഡിസ്‌നിയുടെ ഇന്ത്യന്‍ ശാഖയായ സോണി നല്‍കിയതില്‍ 13 ശതമാനമാണ് വര്‍ധന. സോണി ഒരു മത്സരത്തിന് 60 കോടി രൂപയാണ് നല്‍കിയിരുന്നത്. 2012 മുതല്‍ സോണിയായിരുന്നു ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നത്.
എന്നാല്‍ അടുത്ത കാലത്ത് വയാകോം ക്രിക്കറ്റ് മാര്‍ക്കറ്റില്‍ പിടിമുറുക്കുകയാണ്. 2022 ല്‍ കമ്പനി 304 കോടി ഡോളര്‍ ചെലവിട്ട് ഐ.പി.എല്ലിന്റെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കി. സ്റ്റാറിനായിരുന്നു ഐ.പി.എല്‍ ടി.വി സംപ്രേഷണാവകാശം, അവര്‍ മുടക്കിയത് 301 കോടി ഡോളറായിരുന്നു. വനിതാ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശവും വയാകോമിനാണ്.
ഐ.പി.എല്‍ സംപ്രേഷണാവകാശം വിറ്റ വകയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 270 കോടി ഡോളര്‍ വരുമാനം ബി.സി.സി.ഐക്ക് ലഭിച്ചു. മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസിയുടെ ഉമട മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ്. പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് നേടിയത് മുംബൈ ഇന്ത്യന്‍സാണ്.






