ന്യൂയോര്‍ക്ക് - ഇരുപത്തിനാലാം തവണ യു.എസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ വീനസ് വില്യംസിന് നാണംകെട്ട തോല്‍വി. ആദ്യ റൗണ്ടില്‍ നാല്പത്തിമൂന്നുകാരിയെ ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിനന്‍ 6-1, 6-1 ന് തകര്‍ത്തു. 1997 ല്‍ വീനസ് ആദ്യ യു.എസ് ഓപണ്‍ ഫൈനല്‍ കളിക്കുമ്പോള്‍ ഗ്രീറ്റ് ജനിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. 2000 ലും 2001 ലും ചാമ്പ്യനായ വീനസ് ടൂര്‍ണമെന്റില്‍ നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ആദ്യ 21 തവണയും ഇവിടെ ഒന്നാം റൗണ്ട് ജയിച്ച വീനസ് തുടര്‍ച്ചയായി മൂന്നാം തവണയാണ് ആദ്യ കടമ്പയില്‍ വീഴുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റും ഏഴാം സീഡുമായ കരൊലൈന്‍ ഗാര്‍സിയയും ആദ്യ റൗണ്ടില്‍ വീണു. യോഗ്യതാ റൗണ്ടിലൂടെ വന്ന ചൈനീസ് കളിക്കാരി വാംഗ് യാഫനോട് 4-6, 1-6 ന് തോറ്റു.
രണ്ടാം സീഡ് അരീന സബലെങ്കയും മൂന്നാം സീഡ് ജെസിക്ക പെഗൂലയും വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് മാര്‍ക്കറ്റ വന്ഡ്രൂസോവയും വലിയ പ്രയാസമില്ലാതെ ആദ്യ റൗണ്ട് കടന്നപ്പോള്‍ കൊളംബിയയുടെ കാമില ഒസോറിയോടെ 7-5, 7-6 (7/4) ന് മറികടക്കാന്‍ അഞ്ചാം സീഡ് ഉന്‍സ് ജാബിറിന് വെള്ളം കുടിക്കേണ്ടി വന്നു.
നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും മൂന്നാം സീഡ് ഡാനില്‍ മെദ്വദേവും അനായാസം ആദ്യ റൗണ്ട് പിന്നിട്ടു. ആദ്യ ഗെയിമില്‍ കാല് തെറ്റി വീണ ജര്‍മനിയുടെ ഡൊമിനിക് കോഫര്‍ തുടരാന്‍ ശ്രമിച്ചെങ്കിലും വൈകാതെ പിന്മാറിതോടെ അല്‍കാരസ് വിയര്‍പ്പൊഴുക്കാതെ രണ്ടാം റൗണ്ടിലെത്തി. ആദ്യ സെറ്റ് 2-6 ന് നഷ്ടപ്പെട്ട കോഫര്‍ രണ്ടാം സെറ്റില്‍ 2-3 ന് പിന്നിലായിരുന്നു. മെദ്വദേവ് 6-1, 6-1, 6-0 ന് ഹംഗറിയുടെ അറ്റില ബലാസിനെ തരിപ്പണമാക്കി. 2020 ലെ ഫൈനലിസ്റ്റ് അലക്സാണ്ടര്‍ സ്വരേവും എളുപ്പം ജയിച്ചു. എന്നാല്‍ പതിനൊന്നാം സീഡും കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുമായ കാരന് ഖചനോവിനെ 89ാം റാങ്കുകാരന് അമേരിക്കയുടെ മിഷേല്‍ മോ അട്ടിമറിച്ചു (6-2, 6-4, 6-2).
മുന്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മറെ നേരിട്ടുള്ള സെറ്റുകളില്‍ ഫ്രാന്‍സിന്റെ കോറന്റിന് മൂതെയെ തോല്പിച്ചു. ഗ്രാന്റ്സ്ലാം ഓപണ്‍ യുഗത്തില്‍ ആദ്യമായി രണ്ട് ചൈനീസ് പുരുഷ താരങ്ങള്‍ രണ്ടാം റൗണ്ടിലുണ്ട്. ഷാംഗ് ഷെന്‍ഷെനും വു യിബിംഗും.
മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്ക യു.എസ് ഓപണിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലെ പ്രായമേറിയ വിജയിയായി. 1992 ല്‍ നാല്പതുകാരന് ജിമ്മി കോണേഴ്സ് വിജയം നേടിയിരുന്നു. മുപ്പത്തെട്ടുകാരനായ വാവ്റിങ്ക ജപ്പാന്റെ യോഷിഹിതൊ നിഷിയോക്കയെ ആദ്യ റൗണ്ടില്‍ തോല്പിച്ചു. സ്വിറ്റ്സര്‍ലന്റുകാരന്‍ ആറു തവണ യു.എസ് ഓപണില്‍ ക്വാര്‍ട്ടറിലോ അതിനപ്പുറമോ മുന്നേറിയിരുന്നു.






