റിയാദ് - സൗദി പ്രൊ ലീഗ് ഫുട്ബോളില്‍ അന്നസ്ര്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയതോടെ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ ആവേശത്തില്‍. റൊണാള്‍ഡോയുടെ ഇരട്ട പെനാല്‍ട്ടി ഗോളില്‍ 4-0 ന് അല്ശബാബിനെയാണ് അന്നസ്ര്‍ തകര്‍ത്തത്. റൊണാള്‍ഡോയുടെ ഒരു ഗോള്‍ ചെറുതായി ഉന്തിയതിന്റെ പേരില്‍ റഫറി നിഷേധിച്ചിരുന്നു. ഇല്ലെങ്കില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും പോര്‍ചുഗീസ് താരത്തിന് ഹാട്രിക് നേടാമായിരുന്നു. അന്നസ്റിന് കിട്ടിയ മൂന്നാമത്തെ പെനാല്‍ട്ടിയില്‍ സുല്‍ത്താന്‍ അല്ഗന്നാമിന് റൊണാള്‍ഡൊ അവസരം നല്‍കുകയായിരുന്നു. ഗന്നാം അത് പാഴാക്കി. അതിന് പ്രായശ്ചിത്തം ചെയ്ത് ഗന്നാം പിന്നീട് സ്കോര്‍ ചെയ്തു. സാദിയൊ മാനെയും ഗോളടിച്ചു. അല്‍ശബാബിന്റെ അര്‍ജന്റീനാ താരം എവര്‍ ബനേഗ 78ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടു. അല്‍താഇയെ 2-0 ന് തോല്പിച്ച അല്‍ അഹ്്ലി നിലവിലെ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. നാലു കളിയില്‍ 12 പോയന്റ്. റിയാദ് മഹ്റേസും ഫ്രാങ്ക് കെസിയും സ്കോര്‍ ചെയ്തു.
ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ റൊണാള്‍ഡൊ പ്രതികരിച്ചത്. സ്റ്റേഡിയത്തില്‍ എന്തൊരു ആവേശകരമായ അന്തരീക്ഷം, ആരാധകര്‍ക്കൊപ്പം ഈ വിജയം ആഘോഷിക്കുന്നതില്‍ സന്തോഷം. വാമൂസ്, അന്നസ്ര്‍ -റൊണാള്‍ഡൊ എഴുതി.
റൊണാള്‍ഡോയുടെ ഗോള്‍ നിഷേധിച്ചതിനെ അന്നസ്ര്‍ കോച്ച് ലൂയിസ് കാസ്ട്രൊ വിമര്‍ശിച്ചു. ഇതിനെക്കാള്‍ ശക്തമായി ഉന്തിയ പല ഘട്ടങ്ങളിലും ഗോള്‍ അനുവദിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ രണ്ടു കളികളും തോറ്റ അന്നസ്ര്‍ നാല് കളിയില്‍ ആറ് പോയന്റുമായി ആറാം സ്ഥാനത്താണ്.






