വിനിസിയൂസിന് പരിക്ക്, റഫീഞ്ഞ ബ്രസീല്‍ ടീമില്‍

റിയോഡിജനീറോ - അടുത്ത ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് ആരംഭിക്കാനിരിക്കെ റയല്‍ മഡ്രീഡ് ഫോര്‍വേഡ് വിനിസിയൂസ് ജൂനിയറിന് പരിക്ക്. പകരം ബാഴ്‌സലോണയുടെ റഫീഞ്ഞയെ ബ്രസീല്‍ ടീമിലുള്‍പെടുത്തി. വെള്ളിയാഴ്ച സെല്‍റ്റവീഗോക്കെതിരായ റയലിന്റെ 1-0 വിജയത്തിനിടയിലാണ് വിനിസിയൂസിന് പരിക്കേറ്റത്. 
സെപ്റ്റംബര്‍ എട്ടിനും 12 നുമാണ് ബ്രസീലിന്റെ ആദ്യ മത്സരങ്ങള്‍, ബൊളീവിയക്കും പെറുവിനുമെതിരെ. റഫീഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ടീമിലുണ്ടായിരുന്നു. ബാഴ്‌സലോണ താരം ലാ ലിഗയിലെ ആദ്യ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ശേഷം സസ്‌പെന്‍ഷനിലായിരുന്നു. 
ഈയിടെ സൗദി അറേബ്യയിലെ അല്‍ഹിലാലില്‍ ചേര്‍ന്ന നെയ്മാറിന്റെ ഫിറ്റ്‌നസിലും സംശയമുണ്ട്. നെയ്മാറിന് ചെറിയ പരിക്കുണ്ടെന്ന് അല്‍ഹിലാലിന്റെ പോര്‍ചുഗീസുകാരനായ കോച്ച് ജോര്‍ജെ ജീസസ് പറഞ്ഞിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോല്‍ക്കുകയായിരുന്നു. 

Latest News