മലയാളിക്കരുത്തില്‍ റിലേ ടീം, ലക്ഷ്യം പാരിസ് ഒളിംപിക്‌സ് 

ന്യൂദല്‍ഹി - ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ഫൈനലിലെത്തിയ ഇന്ത്യയുടെ 4x400 റിലേ ടീം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം ലക്ഷ്യമിട്ട് തീവ്രപരിശീലനത്തിന്. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ എന്നീ മലയാളികളുള്‍പ്പെട്ട ടീം ഹീറ്റ്‌സിലാണ് രണ്ട് മിനിറ്റ് 59.05 സെക്കന്റിന്റെ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ചത്. അമേരിക്കക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു തമിഴ്‌നാട്ടുകാരന്‍ രാജേഷ് രമേശ് ഉള്‍പ്പെട്ട സംഘം. ഫൈനലില്‍ എട്ടു ടീമുകളില്‍ അഞ്ചാം സ്ഥാനത്തെത്തി. ആദ്യമായാണ് ഇന്ത്യന്‍ റിലേ ടീം ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത്. 
ഏഷ്യാഡില്‍ സ്വര്‍ണമുറപ്പാണെന്നും ഒളിംപിക്‌സിലും സ്ഥാനം നേടുകയാണ് സ്വപ്‌നമെന്നും അമോജ് ജേക്കബ് പറഞ്ഞു. രണ്ടാം ലാപ്പാണ് അമോജ് ഓടിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇത്ര സമ്മര്‍ദ്ദം ഉണ്ടാവില്ലെന്ന് കരുതുന്നതായി ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ദേശീയ സ്‌പോര്‍ട്‌സ് ദിനാഘോഷച്ചടങ്ങില്‍ മലയാളി താരം പറഞ്ഞു. 
മുഹമ്മദ് അനസാണ് ആദ്യ ലാപ്പ് ഓടി ബാറ്റണ്‍ അമോജിന് കൈമാറിയത്. അജ്മല്‍ മൂന്നാം പാദം ഓടി. അജ്മലില്‍ നിന്ന് രാജേഷ് രമേശ് ബാറ്റണ്‍ സ്വീകരിക്കുന്നതിനിടെ അമേരിക്കന്‍ താരം ജസ്റ്റിന്‍ റോബിന്‍സണ്‍ ഇന്ത്യന്‍ താരത്തെ തള്ളിയത് അല്‍പം ആശങ്കയുയര്‍ത്തിയിരുന്നു. എന്നാല്‍ രാജേഷ് സംയമനം കൈവിട്ടില്ല. ആ സംഭവമില്ലെങ്കില്‍ ഒരുപക്ഷെ അമേരിക്കയെ മറികടക്കാന്‍ സാധിച്ചേനേയെന്ന് രാജേഷ് കരുതുന്നു.
നവംബര്‍ മുതല്‍ തിരുവനന്തപുരത്ത് ഒരുമിച്ച് പരിശീലനം നടത്തുന്നത് ഗുണം ചെയ്തതായി അനസ് പറഞ്ഞു. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4x400 മിക്‌സഡ് റിലേയില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിലെ അംഗമാണ് അനസ്. കഴിഞ്ഞ ഒരു വര്‍ഷമായി അമോജും രാജേഷും അനസും പലതവണ പരിക്കിന്റെ പിടിയിലായിരുന്നു. മൂന്ന് മിനിറ്റ് ഏഴ് സെക്കന്റിലൊക്കെയാണ് ടീം ഫിനഷ് ചെയ്തിരുന്നത്. എന്നാല്‍ ലോക ചാമ്പ്യന്‍ഷിപ്പിന് മുമ്പ് നാലു പേരും പൂര്‍ണ കായികക്ഷമത വീണ്ടെടുത്തു. അടുത്ത വര്‍ഷം മേയിലെ ലോക റിലേസ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഒളിംപിക്‌സിന് യോഗ്യത നേടുകയുമാണ് പ്രധാന ലക്ഷ്യമെന്ന് അനസ് പറഞ്ഞു. 

Latest News