ന്യൂദല്‍ഹി - തായ്‌ലന്റിലെ കിംഗ്‌സ് കപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിമൂന്നംഗ ടീമില്‍ മൂന്ന് മലയാളികളുണ്ട് -മിഡ്ഫീല്‍ഡര്‍മാരായ സഹല്‍ അബ്ദുല്‍സമദും ആശിഖ് കരുണിയനും ഫോര്‍വേഡ് കെ.പി. രാഹുലും. ചിയാംഗ് മയിയില്‍ സെപ്റ്റംബര്‍ ഏഴിന് ഇറാഖുമായാണ് ഇന്ത്യയുടെ ആദ്യ കളി. അതേ ദിവസം ലെബനോനും തായ്‌ലന്റും ഏറ്റുമുട്ടും. വിജയികള്‍ തമ്മിലാണ് കലാശപ്പോരാട്ടം. സെപ്റ്റംബര്‍ പത്തിന്.
ലോക റാങ്കിംഗില്‍ ഇന്ത്യ 99ാം സ്ഥാനത്താണ്, മുന്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖ് എഴുപതാമതും. മറ്റു രണ്ടു ടീമുകള്‍ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ പിന്നിലാണ് -ലെബനോന്‍ നൂറാമതും തായ്‌ലന്റ് 113ാമതും. 2019 ല്‍ അവസാനമായി കിംഗ്‌സ് കപ്പില്‍ പങ്കെടുത്തപ്പോള്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.






