മുള്‍ത്താന്‍ - പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ പതിനഞ്ചാമത് എഡിഷന്‍ പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെ ബുധനാഴ്ച മുള്‍ത്താനില്‍ ആരംഭിക്കും. നാല് കളികള്‍ പാക്കിസ്ഥാനിലും ബാക്കി ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലുമാണ്. മൂന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ക്ക് സാധ്യത വരുന്ന വിധത്തിലാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും നേപ്പാളുമാണ് ഒരു ഗ്രൂപ്പില്‍. ബംഗ്ലാദേശും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ബി-യിലും. ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ടു ടീമുകള്‍ വീതം സൂപ്പര്‍ ഫോറിലെത്തുമെന്നിരിക്കെ രണ്ടാമത്തെ ഇന്ത്യ-പാക് മത്സരത്തിന് വലിയ സാധ്യതയുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിലെത്തുകയാണെങ്കില്‍ മൂന്നാമതൊരു അയല്‍പോരാട്ടത്തിന് കൂടി വാതില്‍ തുറക്കും. സെപ്റ്റംബര്‍ 17 ന് കൊളംബോയിലാണ് ഫൈനല്‍.
എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യാ കപ്പില്‍ ഇതുവരെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടില്ല. മാത്രമല്ല, ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ മത്സരവുമല്ല. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വാശിയാണ് ഏറ്റവും ചൂടേറിയത്. അതു കഴിഞ്ഞാല്‍ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരവും.
സമീപകാലത്ത് ട്വ്ന്റി20 ആയും ഏകദിന ക്രിക്കറ്റായും ടൂര്‍ണമെന്റ് നടത്താറുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആസന്നമായതിനാല്‍ ഇത്തവണ ആ രൂപത്തിലാണ് കളി. ട്വന്റി20 ആയി നടത്തിയ 2022 ലെ ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെ ഫൈനലില്‍ തോല്‍പിച്ച് ശ്രീലങ്കയാണ് കിരീടം നേടിയത്.
തകര്‍പ്പന്‍ ഫോമിലാണ് ഇത്തവണ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റിനെത്തുന്നത്. അഫ്ഗാനിസ്ഥാനെ 3-0 ന് തോല്‍പിച്ച അവര്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ശഹീന്‍ ഷാ അഫ്‌രീദിയും നസീം ഷായും ഹാരിസ് റഊഫുമടങ്ങുന്ന അവരുടെ പെയ്‌സ്ബൗളിംഗ് നിര ഏതു ടീമിനും പേടിസ്വപ്‌നമായിരിക്കും. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ രണ്ടിന് പള്ളിക്കലെയില്‍ പാക്കിസ്ഥാനെതിരെയാണ്. കെ.എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയത് ഇന്ത്യന്‍ ബാറ്റിംഗിനെ ശക്തിപ്പെടുത്തും.
ശ്രീലങ്കന്‍ ടീമിനെ പരിക്കുകള്‍ അലട്ടുകയാണ്. വ്യാഴാഴ്ച കാന്‍ഡിയില്‍ ബംഗ്ലാദേശിനെതിരെയാണ് അവരുടെ ആദ്യ മത്സരം. ചുമലിന് പരിക്കുള്ള പെയ്‌സ്ബൗളര്‍ ദുഷ്മന്ത ചമീര ടൂര്‍ണമെന്റില്‍ കളിക്കാനിടയില്ല. ലെഗ്‌സ്പിന്നര്‍ വണീന്ദു ഹസരംഗ ഗ്രൂപ്പ് മത്സരങ്ങളില്‍ ലഭ്യമായിരിക്കില്ല. തമീം ഇഖ്ബാല്‍ ക്യാപ്റ്റന്‍സി ഒഴിയുകയും പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും ചെയ്തത് ബംഗ്ലാദേശിനെയും തളര്‍ത്തിയിട്ടുണ്ട്. 2009 മുതല്‍ 2017 വരെ ടീമിനെ നയിച്ച ശാഖിബുല്‍ ഹസനെ വീണ്ടും ക്യാപ്റ്റനായി നിയമിക്കേണ്ടി വന്നു. സ്പിന്നര്‍മാരായ റാഷിദ് ഖാനും മുജീബുറഹ്മാനും മുഹമ്മദ് നബിയുമാണ് അഫ്ഗാനിസ്ഥാന്റെ കരുത്ത്. ബാറ്റര്‍ റഹ്മാനുല്ല ഗുര്‍ബാസും ഫോമിലാണ്.






