ന്യൂയോര്‍ക്ക് - ഈ വര്‍ഷത്തെ അവസാനത്തെ ഗ്രാന്റ്സ്ലാം ടെന്നിസ് ടൂര്‍ണമെന്റായ യു.എസ് ഓപണ്‍ ന്യൂയോര്‍ക്കിലെ ഫഌഷിംഗ് മെഡോസില്‍ തുടങ്ങി. രണ്ട് ഐതിഹാസിക താരങ്ങള്‍ ടെന്നിസിനോട് വിടപറഞ്ഞ ശേഷമുള്ള ആദ്യ യു.എസ് ഓപണാണ് ഇത്. സെറീന വില്യംസ് 2002 ലെ യു.എസ് ഓപണിലാണ് അവസാനം കളിച്ചത്. റോജര്‍ ഫെദരറും ഇനി കോര്‍ടിലേക്കില്ലെന്ന് പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെയാണ്. അവരോളം താരപ്രഭയും ജനപ്രിയരുമായ കളിക്കാര്‍ പിന്നീട് ഉദയം ചെയ്തിട്ടില്ല.
ആദ്യ ദിനം വനിതാ വിഭാഗത്തില്‍ ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്, ആതിഥേയ താരം കോക്കൊ ഗഫ്, പുരുഷ വിഭാഗത്തില്‍ നോവക് ജോകോവിച്, ഫ്രാന്‍സിസ് തിയാഫു തുടങ്ങിയ പ്രമുഖ കളിക്കാര്‍ കോര്‍ടിലിറങ്ങി. നിലവിലെ വനിതാ ചാമ്പ്യന്‍ പോളണ്ടിന്റെ ഇരുപത്തിരണ്ടുകാരി ഈഗ സ്വീഡന്റെ റെബേക്ക പീറ്റേഴ്‌സനെ നേരിട്ടതോടെയാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തിന് ജീവന്‍ വെച്ചത്. തൊട്ടുപിന്നാലെ രണ്ട് അമേരിക്കന്‍ യുവ താരങ്ങള്‍ ഏറ്റുമുട്ടി -ഇരുപത്തഞ്ചുകാരന്‍ തിയാഫുവും പതിനേഴുകാരന്‍ ലേണര്‍ ടിയേനും. തിയാഫു കഴിഞ്ഞ വര്‍ഷം സെമിഫൈനലിലെത്തിയിരുന്നു. രാത്രി സെഷന്‍ തുടങ്ങുന്ന പത്തൊമ്പതുകാരി ഗഫും ജര്‍മനിയുടെ ലോറ സീഗമണ്ടും തമ്മിലുള്ള പോരാട്ടത്തോടെയാണ്. 2022 ലെ ഫ്രഞ്ച് ഓപണ്‍ സിംഗിള്‍സ്, ഡബ്ള്‍സ് റണ്ണറപ്പായിരുന്നു ഗഫ്. സീഗമണ്ട് മൂന്നു വര്‍ഷം മുമ്പ് യു.എസ് ഓപണില്‍ ഡബ്ള്‍സ് ചാമ്പ്യനായി.
23 ഗ്രാന്റ്സ്ലാമുകളുടെ റെക്കോര്‍ഡുള്ള നോവക് അരങ്ങേറ്റക്കാരന്‍ ഫ്രാന്‍സിന്റെ അലക്‌സാണ്ടര്‍ മുള്ളര്‍ക്കെതിരെയാണ് തുടങ്ങിയത്. കൊറോണ വാക്‌സിനെടുക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം നോവക് കളിച്ചിരുന്നില്ല. ഈ വര്‍ഷം വിലക്ക് നീക്കുകയായിരുന്നു.
ടൂര്‍ണമെന്റ് രണ്ടാഴ്ച നീളും. വനിതാ സിംഗിള്‍സ് ഫൈനല്‍ സെപ്റ്റംബര്‍ ഒമ്പതിനും പുരുഷ ഫൈനല്‍ പത്തിനുമാണ്.






