എഴുപതുകളിൽ മലപ്പുറത്തെ രാമപുരം, കരിഞ്ചാപ്പാടി, വറ്റല്ലൂർ, പഴമള്ളൂർ, ചെലൂർ, പെരിന്താറ്റിരി, പോത്തുകുണ്ട്, കുഴാപറമ്പ് ചുറ്റുവട്ടങ്ങളിൽ വസിക്കുന്ന മുഴുവൻ ജനങ്ങളുടെയും ആശ്രയകേന്ദ്രം മക്കരപ്പറമ്പ് അങ്ങാടിയായിരുന്നു. വാണിജ്യ വിനിമയം, നിത്യോപയോഗ സാധനം വാങ്ങൽ, പണവിനിമയം, രോഗ ചികിത്സ.. എല്ലാം ഈ അങ്ങാടിയാണ് ശരണം.
രോഗ ചികിത്സക്ക് കേളികേട്ട വൈദ്യശാലകളും ഫലസിദ്ധിയുള്ള ആയുർവ്വേദ വൈദ്യൻമാരായ കൃഷ്ണൻ വൈദ്യർ, കുഞ്ഞൻ വൈദ്യർ, രാമൻ വൈദ്യർ, വേങ്ങര മാധവൻ വൈദ്യർ, ശ്രീധരൻ വൈദ്യർ എന്നിവരാണ് ഉണ്ടായിരുന്നത്.
എഴുപതിന്റെ അവസാനത്തിലാണ് കോട്ടക്കൽ ആര്യവൈദ്യശാലയുടെ മക്കരപ്പറമ്പ് ശാഖ തറയിൽ മുഹമ്മദ് മുസ്ല്യാർ കെട്ടിടത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തത്.
നാട്ടു വൈദ്യ ചികിത്സകളിൽ മാറാത്ത രോഗങ്ങൾക്ക് മങ്കട 'ചീക്ക്' (പ്രൈമറി ഹെൽത്ത് സെന്റർ, മങ്കട). ചികിത്സ പോരാതെ വന്നാൽ പെരിന്തൽമണ്ണയിൽ താലൂക്ക് ആശുപത്രിയുണ്ട്. പെരിന്തൽമണ്ണയിൽ ആദ്യകാല ഭിഷഗ്വരനായി എം.എസ് നായരായിരുന്നു. പിന്നീട് രാമദാസ് ക്ലിനിക്കായി മാറി. മുമ്പത്തെ വെള്ളാട്ടങ്ങാടി (കലംപറമ്പ്) കഴിഞ്ഞാൽ ഡോ. ബാലഗോപാലന്റെ ക്ലിനിക്കിലും കിടത്തി ചികിത്സ ഉണ്ടായിരുന്നു.
മലപ്പുറത്താണെങ്കിൽ പോലീസ് ആശുപത്രി അഥവാ എം.എസ്.പി ആശുപത്രി, അമേരിക്കനാശുപത്രി (ക്രിസ്ത്യൻ മിഷ്യൻ വെൽഫെയർ ഹോസ്പിറ്റൽ മലപ്പുറം), ബ്ലോക്ക് ആശുപത്രി (ഇപ്പോഴത്തെ കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പ് മലപ്പുറം).. ബ്ലോക്ക് ആശുപത്രിയിൽ പ്രസവം പോലും കൈകാര്യം ചെയ്യുന്ന അബ്ദുല്ല ഡോക്ടറുമുണ്ട്. അന്നൊക്കെ പ്രസവം കൈകാര്യം ചെയ്തത് പുരുഷഡോക്ടറായിരുന്നു. കാലങ്ങൾക്ക് ശേഷമാണ് ലേഡീസ് ഗൈനക്കുകളെത്തിയത്.
എം.ബി.എച്ച് ആശുപത്രി ഉടമ മജീദ് ഡോക്ടർ കോട്ടപ്പടിയിൽ പോലീസ് സ്റ്റേഷനു മുമ്പിലായിരുന്നു ആദ്യ പ്രാക്ടീസ്. കൂടാതെ മലപ്പുറത്ത് കുന്നുമ്മൽ തന്നെ അബ്ദുറഹ്മാൻ എന്ന ജനകീയ ഡോക്ടർ പൊടി പാറിയ ചികിത്സ നടത്തുന്നുണ്ട്. വാത രോഗ ചികിത്സക്ക് കോട്ടപ്പടിയിൽ കൊന്നോല മൊയ്തീൻകുട്ടി ഡോക്ടറുണ്ട്. പിന്നെ കിഴക്കോട്ട് പോയാൽ ഒരു 'ലാക്കട്ടറെ' (ഡോക്ടർ)കാണണമെങ്കിൽ തിരൂർക്കാട്ട് സാലിം ഡോക്ടറും (തിരൂർക്കാട് കെ. ഉമർ മൗലവിയുടെ പുത്രൻ).. ഇതൊക്കെ മലപ്പുറത്തേയും പരിസരങ്ങളിലേയും ആദ്യകാല ഡോക്ടർമാരുടെ കഥ.
മക്കരപ്പറമ്പിൽ ആദ്യമായി അലോപ്പതി ക്ലിനിക്ക് നടത്തിയത് അയൽനാട്ടിലെ ആദ്യത്തെ ഭിഷഗ്വരനും മങ്കട തയ്യിൽ അബ്ദുറഹ്മാൻകുട്ടി ഹാജിയുടെ പുത്രനുമായ ഡോ. അബൂബക്കർ തയ്യിൽ എന്ന ബക്കർ ഡോക്ടർ.
പട്ടിക്കളത്തിൽ സെയ്താലിക്കോയ തങ്ങളുടെ കെട്ടിടത്തിലെ ക്ലിനിക്കിൽ കിടത്തി ചികിത്സ അടക്കം നടത്തിയിരുന്നെങ്കിലും തുടരാൻ കഴിഞ്ഞില്ല. ബെൽബോട്ടം പാന്റ്സ് ഇട്ട് ഇടവഴിയും പാടവും താണ്ടി വീടുകളിൽ പോയി രോഗികളെ നേരിൽ കണ്ടിരുന്ന ബക്കർ ഡോക്ടറും അക്കാലത്തെ കൗതുകക്കാഴ്ചയായിരുന്നു. ബക്കർ ഡോക്ടർ ഇപ്പോൾ ആശുപത്രികളുടെ നഗരമായ പെരിന്തൽമണ്ണയിലെ എം.ഇ.എസ് മെഡിക്കൽ കോളേജ് തലവൻ.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 1978 ബാച്ചിൽ ഒരു ജനകീയ ഡോക്ടർ പുറത്തിറങ്ങി. വെസ്റ്റ് കോഡൂർ പരേതരായ റിട്ട. ഐ.ടി.ഐ പ്രിൻസിപ്പൽ കറുകമണ്ണിൽ കുഞ്ഞിമൊയ്തീന്റെയും ഫാത്തിമക്കുട്ടിയുടെയും
പുത്രൻ കെ.എം. കുഞ്ഞഹമ്മദ് കുട്ടിയായിരുന്നു അത്. ഭിഷഗ്വര ബിരുദമെടുത്ത് പ്രാക്ടീസിനായി തെരഞ്ഞെടുത്തത് മക്കരപ്പറമ്പിലെ കൊന്നോല മൊയ്തീൻ കുട്ടിയുടെ പലചരക്ക് കടക്ക് പിന്നിലെ ഒറ്റ മുറിയിൽ.
ഡോക്ടർക്ക് ഫീസ് നാട്ടുകാർ നിശ്ചയിച്ചത് രണ്ട് രൂപ. കാലോചിത വർധനവായി ജനങ്ങൾ തന്നെ അത് പിന്നീട് അഞ്ച് രൂപയാക്കി ഉയർത്തി. പിന്നെ പത്ത്, പതിനഞ്ച്, ഇരുപത്.. ഇപ്പോഴത് 50 രൂപയാക്കി നാട്ടുകാർ തന്നെ നിജപ്പെടുത്തി. ഡോക്ടർക്ക് ഫീസ് പഥ്യമില്ല. കാശിൽ വാശി പിടിച്ചാൽ ചികിത്സ ഫലിക്കില്ലെന്ന് ഡോക്ടർ. ഓനിപ്പോൾ വലിയ ഫീസിന്റെ ആളാണെന്ന് രോഗിക്ക് തോന്നിയാൽ അതോടെ കഥ കഴിഞ്ഞുവെന്ന് കുഞ്ഞഹമ്മദ് കുട്ടി.
നാട്ടുകാരുടെ സ്വന്തം കുഞ്ഞയമുട്ടി ഡോക്ടർ എപ്പോഴെങ്കിലുമെഴുതിക്കൊടുത്ത ഒരു ശീട്ട് രോഗിയുടെ കൈയിലുണ്ടെങ്കിൽ ആയുഷ്കാലം മുഴുക്കെ ഫീസ് വേണ്ട. കറുത്ത തുണിയും വെള്ളക്കുപ്പായവും കയ്പങ്ങാപുള്ളി തട്ടവുമിട്ട പഴയ സ്ത്രീകൾ 'തുണികോന്തല കെട്ടിൽ' നിന്നും എടുക്കുന്ന ചുരുണ്ടു മുഷിഞ്ഞ ശീട്ടു വാങ്ങി ഡോക്ടർ കൊട്ടയിലേക്ക് എറിയും. പിന്നെ 'പുത്തൻചീട്ട്' എഴുതി നൽകും.
അത് മുഷിയുമ്പോൾ വീണ്ടും 'കായി' വാങ്ങാതെ തന്നെ 'ലാക്കട്ടർ' കുറിപ്പടി പുതുക്കി നൽകും. വില കൂടിയ മരുന്നുകൾ എഴുതി രോഗിയിൽ പരീക്ഷണം നടത്തുന്ന ഏർപ്പാടൊന്നും ഡോക്ടർക്ക് വശമില്ല. ഒരു കോഴ്സ് മരുന്നിന് എത്ര ആയാലും അൻപത് രൂപയിൽ താഴെ മാത്രമെ എഴുതുകയുള്ളു. അതിൽ കൂടിയാൽ 'മരുന്നിന് കുറച്ച് വില കൂടും. ട്ടൊ'....എന്ന് മൂപ്പര് പറയും.
ഇമ്മിണി ബല്യ ടെസ്റ്റുകൾക്കൊന്നും നിർദ്ദേശിക്കില്ല. അപൂർവ്വം ചിലർക്ക് രക്ത പരിശോധനയും ഏറി വന്നാൽ ഒരു 'പോട്ടം എടുക്കൽ' എന്ന എക്സ്റെയും. ചിലപ്പോൾ രക്ത പരിശോധന നടത്തിക്കും.
രോഗിയുടെ പൾസ് നോക്കി രോഗിക്ക് ബോധ്യമാകുന്ന രീതിയിൽ ഇടപെടുകയാണെങ്കിൽ ചികിത്സാ ഫലം ഉറപ്പെന്ന് കുഞ്ഞഹമ്മദ്കുട്ടി ഡോക്ടർ പക്ഷം. ദിനം പ്രതി ഇരുന്നൂറും അതിൽ കൂടുതലും പേർ കാണാനെത്തും.
കാലത്ത് വന്നാൽ പേരെഴുതി വെക്കാം. സർക്കാർ പി.എച്ച്.സിയിലെ ജോലി കഴിഞ്ഞ് ഉച്ചയോടെ ഡോക്ടറെത്തും. സർവ്വീസിൽ നിന്നും പിരിഞ്ഞ ശേഷം നേരെത്തെ എത്തും. പിന്നെ സഹായിയുടെ ഊഴമാണ്. അയാൾ പേര് വിളിച്ചാൽ ഡോക്ടറെ കാണാം. അവസാന രോഗിയെയും കണ്ടതിന് ശേഷമേ പരിശോധന നിർത്തൂ.
ചിലപ്പോൾ സമയം നന്നായി ഇരുട്ടി എന്നുമിരിക്കും. നീക്കുപോക്കുകളിലൂടെ ഒന്നും 'ലാക്കട്ടറെ' കാണാൻ ഒക്കില്ല. തിരക്കിനിടയിലും പുറത്ത് വാഹനത്തിൽ കിടക്കുന്ന അവശ രോഗികളെ പിൻവാതിലൂടെ കടത്തി കണ്ട് പ്രതിവിധി നൽകിയിരുന്നു.
മുൻകാലത്ത് അപകടങ്ങളിലോ അത്യാഹിതങ്ങളിലോ പെട്ട രോഗികളെ ആദ്യം ചുമന്നെത്തിച്ചിരുന്നത് കുഞ്ഞഹമ്മദ് കുട്ടിയുടെ അരികിൽ.
രോഗാവസ്ഥ മനസ്സിലാക്കി മഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും കോഴി ക്കോട് മെഡിക്കൽ കോളേജിലേക്കും തരം തിരിച്ച് പറഞ്ഞ് വിടുന്ന രോഗികളുടെ വിവരശേഖരം പരിചയക്കാരിൽ നിന്ന് ചികഞ്ഞറിയും.
ചിലർ എടുത്തു കൊണ്ടുവരുന്ന രോഗികളിൽ ചിലർ മൃതിയടഞ്ഞിട്ടുമുണ്ടാവും. ഡോക്ടർ അന്ത്യശുശ്രൂഷ ചെയ്ത് കഴിഞ്ഞിട്ടെ ഒപ്പം കണ്ട് നിൽക്കുന്ന 'ബന്ധുക്കളായ സാധുക്കൾ' വിവരമറിയൂ. ഉടുപ്പും നടപ്പും ലളിതം. മൊബൈൽ ഫോണില്ല.
പേരിലും പ്രശസ്തിയിലും എഴുത്തിലും പുകഴ്ത്തലിലും ഭംഗിവാക്കിലും താൽപര്യമില്ലാത്ത മനുഷ്യപ്പറ്റുള്ള ഡോക്ടർ, ആധുനിക ഡോക്ടർ സമൂഹത്തിലെ അത്യപൂർവത.






