മാഞ്ചസ്റ്റര്‍ - നാലു മിനിറ്റിനിടെ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്വലമായി തിരിച്ചുവന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 3-2 ന നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോല്പിച്ചു. ഒന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയ ആഴ്സനല്‍ പത്തു പേരായിച്ചുരുങ്ങിയ ഫുള്‍ഹമുമായി 2-2 സമനില നേടി. ബോണ്‍മൗത്തിനെ 2-0 ന് തോല്പിച്ച ടോട്ടനമാണ് ഗോള്‍വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത്.
ആദ്യ കളിയില്‍ വുള്‍വര്‍ഹാംപ്റ്റനെതിരെ ഭാഗ്യ വിജയവുമായി രക്ഷപ്പെടുകയും കഴിഞ്ഞയാഴ്ച ടോട്ടനത്തോട് 0-2 ന് തോല്‍ക്കുകയും ചെയ്ത യുനൈറ്റഡ് മറ്റൊരു ഷോക്കോടെയാണ് തുടങ്ങിയത്. തൊണ്ണൂറാം സെക്കന്റില്‍ തയ്വൊ അവോണിയി ഒറ്റക്കുള്ള കുതിപ്പില്‍ യുനൈറ്റഡിന്റെ വല കുലുക്കി. തുടര്‍ച്ചയായ ഏഴാമത്തെ പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് അവോണിയി സ്കോര്‍ ചെയ്യുന്നത്. വില്ലി ബോളി രണ്ടാമത്തെ ഗോളടിക്കുമ്പോള്‍ ക്ലോക്കില്‍ സമയം മൂന്നേ മുക്കാല്‍ മിനിറ്റ്.
ക്രിസ്റ്റ്യന്‍ എറിക്സനാണ് പതിനേഴാം മിനിറ്റില്‍ യുനൈറ്റഡിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. മികച്ച അവസരം പാഴാക്കിയതിനു പിന്നാലെ കസിമീരൊ രണ്ടാം ഗോളടിച്ചു. 23 മിനിറ്റ് ശേഷിക്കെ നോട്ടിംഗ്ഹാം ക്യാപ്റ്റന്‍ ജോ വോറല്‍ ചുവപ്പ് കാര്‍ഡ് കണ്ടത് യുനൈറ്റഡിന് പിടിവള്ളിയായി. മാര്‍ക്കസ് റാഷ്ഫഡിനെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍ട്ടി ക്യാപ്റ്റന്‍ ബ്രൂണൊ ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചതോടെ യുനൈറ്റഡ് അവിശ്വസനീയ തിരിച്ചുവരവ് പൂര്‍ത്തിയാക്കി.






