ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സ്പ്രിന്റില്‍ ഡബ്ള്‍ തികച്ച് അമേരിക്കന്‍ അത്‌ലറ്റ് നൂഹ് ലൈല്‍സ്. 100 മീറ്ററിനു പിന്നാലെ ഇഷ്ട ഇനമായ 200 മീറ്ററിലും ലൈല്‍സ് ഒന്നാമതെത്തി. എന്നാല്‍ 100 മീറ്റര്‍ വനിതാ ചാമ്പ്യനായ അമേരിക്കയുടെ ശാഖരി റിച്ചാഡ്‌സന്‍ 200 മീറ്ററില്‍ മൂന്നാം സ്ഥാനത്തായി. ജമൈക്കയുടെ ശരിഖ ജാക്‌സനാണ് സ്വര്‍ണം.
ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്പ്രിന്റ് ഡബ്ള്‍ തികക്കുന്ന അഞ്ചാമത്തെ അത്‌ലറ്റാണ് നൂഹ്. അവസാനം ഡബ്ള്‍ നേടിയത് 2015 ല്‍ ഉസൈന്‍ ബോള്‍ടാണ്. 4-100 റിലേയിലും ഇരുപത്താറുകാരന്‍ ഉള്‍പ്പെട്ട അമേരിക്കന്‍ ടീം ഫൈനലിലെത്തിയിട്ടുണ്ട്. 19.52 സെക്കന്റിലാണ് നൂഹ് ഓടിയെത്തിയത്. അമേരിക്കയുടെ തന്നെ പത്തൊമ്പതുകാരന്‍ എറിയോണ്‍ നൈറ്റന്‍ (19.75) വെള്ളിയും ബോട്‌സ്വാനയുടെ ലെറ്റ്‌സിലെ ടെബോഗൊ (19.81) വെങ്കലവും കരസ്ഥമാക്കി.
100 മീറ്ററില്‍ രണ്ടാം സ്ഥാനത്തായിപ്പോയ ശരിഖ ജാക്‌സന്‍ കഴിഞ്ഞ വര്‍ഷം താന്‍ തന്നെ സ്ഥാപിച്ച ലോക ചാമ്പ്യന്‍ഷിപ് റെക്കോര്‍ഡ് തകര്‍ത്താണ് സ്വര്‍ണത്തിലേക്ക് കുതിച്ചത് (21.41 സെ.). 1988 ല്‍ ഫ്‌ളോറന്‍സ് ഗ്രിഫിത് സ്ഥാപിച്ച ലോക റെക്കോര്‍ഡായ 21.34 സെക്കന്റിന്റെ എഴുനൂറിലൊരംശത്തിനാണ് ജമൈക്കക്കാരിക്ക് നഷ്ടപ്പെട്ടത്. അമേരിക്കക്കാരായ ഗബ്രിയേല്‍ തോമസ് വെള്ളിയും (21.81) ശാഖരി കരിയര്‍ ബെസ്റ്റ് പ്രകടനത്തോടെ വെങ്കലവും (21.92) വെങ്കലവും സ്വന്തമാക്കി.
വെനിസ്വേലയുടെ യൂലിയ റോഹാസ് വനിതാ ട്രിപ്പിള്‍ജമ്പില്‍ അവസാന ചാട്ടത്തില്‍ സ്വര്‍ണം പിടിച്ചു. ഇരുപത്തേഴുകാരി തലനാരിഴക്കാണ് ഫൈനല്‍ ബെര്‍ത്ത് നേടിയത്. ഫൈനലില്‍ ആദ്യ രണ്ട് ചാട്ടം ഫൗളാവുകയും ചെയ്തു. എന്നാല്‍ മൂന്നാമത്തേതില്‍ 15.06 മീറ്റര്‍ പിന്നിട്ടു. തുടക്കം മുതല്‍ മുന്നിലായിരുന്ന ഉക്രൈന്റെ മരിന ബെഖ്‌റൊമാന്‍ചുക്കിന് (15മീ.) വെള്ളിയുമായി മടങ്ങേണ്ടി വന്നു. 2019 ലെ ലോംഗ്ജമ്പിലും ഇതുപോലെ മരീനക്ക് സ്വര്‍ണം നഷ്ടപ്പെട്ടിരുന്നു.
വനിതാ ജാവലിന്‍ ത്രോയില്‍ ജപ്പാന്റെ ഹറൂക കിറ്റാഗുച്ചിയും അവസാന ഏറിലാണ് സ്വര്‍ണം തൊട്ടത്. ഇരുപത്തഞ്ചുകാരി 66.73 മീറ്ററിലേക്ക് എറിഞ്ഞതോടെ കൊളംബിയയുടെ ഫ്‌ളോര്‍ ഡെനിസ് റൂയിസ് ഹൊര്‍ടാഡോക്ക് (65.47) സ്വര്‍ണം നഷ്ടമായി.






