ലോക ബാഡ്മിന്റണ്‍: സത്-ചി സഖ്യവും പുറത്ത്, ഏക പ്രതീക്ഷ പ്രണോയ്

കോപന്‍ഹാഗന്‍ - പുരുഷ ഡബ്ള്‍സ് ലോക രണ്ടാം നമ്പര്‍ സഖ്യം സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി ജോഡി ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ ഇന്ത്യയുടെ ഏക മെഡല്‍ പ്രതീക്ഷ മലയാളി താരം എച്ച്.എസ് പ്രണോയ്. ലോക ഒന്നാം നമ്പര്‍ വിക്ടര്‍ ആക്‌സല്‍സനുമായി പ്രണോയ് സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. 
സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം 11ാം സീഡുകളായ ഡെന്മാര്‍ക്കിന്റെ കിം അസ്ത്രൂപ്-ആന്‍ഡേഴ്‌സ് സ്‌കാറുപ് റാസ്മുസന്‍ ജോഡിയോടാണ് 18-21, 19-21 ന് തോറ്റത്. സെമിയിലെത്തിയിരുന്നുവെങ്കില്‍ മെഡലുറപ്പായിരുന്നു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും വെങ്കലം നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്മാരായ സത്വികും ചിരാഗും ഈ സീസണില്‍ നാല് കിരീടങ്ങള്‍ നേടി ഉജ്വല ഫോമിലായിരുന്നു. 
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നു ഗെയിമില്‍ മുന്‍ ചാമ്പ്യന്‍ സിംഗപ്പൂരിന്റെ ലോ കീ യൂനിനെ അട്ടിമറിച്ച് മലയാളി ഷട്‌ലര്‍ എച്ച്.എസ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. 
വനിതാ സിംഗിള്‍സില്‍ മുന്‍ ലോക ചാമ്പ്യന്‍ പി.വി സിന്ധു ആദ്യ മത്സരം തോറ്റ് പുറത്തായിരുന്നു. വനിതാ ഡബ്ള്‍സില്‍ കണ്ണൂര്‍ക്കാരി ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രിയും പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്നും പ്രി ക്വാര്‍ട്ടറില്‍ പുറത്തായി.
 

Latest News