കൊല്‍ക്കത്ത - കനത്ത മഴക്കിടയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സെല്‍ഫ് ഗോളിന് തോറ്റ് ഗോകുലം കേരള എഫ്.സി ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ നിന്ന് പുറത്തായി. ഡിഫന്റര്‍ അമീനു ബൗബ സ്വന്തം പോസ്റ്റിലും എതിരാളികളുടെ പോസ്റ്റിലും ഗോളടിക്കുകയായിരുന്നു. മുന്‍ ചാമ്പ്യന്മാര് തമ്മിലുള്ള മത്സരത്തില്‍ 2019 ലെ ജേതാക്കളായ ഗോകുലത്തെ 2-1 ന് തോല്പിച്ച് ഈസ്റ്റ്ബംഗാള്‍ സെമി ഫൈനലിലെത്തി.
ആദ്യ മിനിറ്റില്‍ തന്നെ ജോര്‍ദാന്‍ എല്‍സി ഗോകുലം വല കുലുക്കിയിരുന്നു. കിക്കോഫില്‍ നിന്നുള്ള പന്ത് കോര്ണറാവുകയും ഹെഡറിലൂടെ എല്‍സി ലക്ഷ്യം കാണുകയുമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കാന്‍ അലക്സിന് അവസരം ലഭിച്ചെങ്കിലും ഷോട്ട് ഈസ്റ്റ്ബംഗാള്‍ ഗോളി രക്ഷിച്ചു.
അമ്പത്തേഴാം മിനിറ്റില്‍ അമീനു ബൗബ ഗോള്‍ മടക്കി. അഭിജിത്തിന്റെ ക്രോസ് അമീനു തല കൊണ്ട് ചെത്തിവിടുകയായിരുന്നു. എന്നാല്‍ എഴുപത്തെട്ടാം മിനിറ്റില്‍ ബൂബ സ്വന്തം പോസ്റ്റിലും ഗോളടിച്ചതോടെ ഗോകുലത്തിന്റെ പ്രതീക്ഷ അവസാനിച്ചു. നിഷുകുമാറിന്റെ ക്രോസ് ഹെഡ് ചെയ്തകറ്റാനുള്ള ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്.
ആര്‍മി റെഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് നോര്‍ത്ഈസ്റ്റ് യുനൈറ്റഡും സെമി ഫൈനലിലെത്തിയിരുന്നു. ഗോവ എഫ്.സി-ചെന്നൈയന് എഫ്.സി, മോഹന്ബഗാന്-മുംബൈ സിറ്റി എന്നിങ്ങനെയാണ് മറ്റു ക്വാര്ട്ടറുകള്.
2019 ലെ ഡ്യൂറന്റ് കപ്പില്‍ കിരീടത്തിലേക്കുള്ള വഴിയില്‍ ഈസ്റ്റ് ബംഗാളിനെ ഗോകുലം സെമിഫൈനലില്‍ തോല്പിച്ചിരുന്നു.






