ബോളിന് ശാപമോക്ഷം, കാത്തിരിപ്പ് ഒടുവില്‍ സഫലം

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നെതര്‍ലാന്റ്‌സിന്റെ ഫെംകെ ബോളിന് ശാപമോക്ഷം. ഉദ്ഘാടന ദിനത്തില്‍ മിക്‌സസ് റിലേയില്‍ ഫിനിഷിംഗ് ലൈനില്‍ ബാറ്റണ്‍ കൈവിട്ട ഇരുപത്തിമൂന്നുകാരി വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചു. സിഡ്‌നി മകലഫ്‌ലിന്‍ എന്ന അത്യസാധാരണ ഹര്‍ഡ്‌ലറുടെ കാലത്ത് മത്സരിക്കേണ്ടി വന്നതിനാല്‍ മാത്രമാണ് നിരവധി മെഡലുകള്‍ ഫെംകെക്ക് കൈയെത്തിപ്പിടിക്കാനാവാതിരുന്നത്. കഴിഞ്ഞ 26 മാസത്തിനിടെ നാലു തവണ ലോക റെക്കോര്‍ഡ് തകര്‍ത്ത സിഡ്‌നി മക്‌ലഫ്‌ലിന്‍ പരിക്കു കാരണം വിട്ടുനില്‍ക്കുകയാണ്. മറ്റൊരു മുന്‍ ചാമ്പ്യന്‍ അമേരിക്കയുടെ ദലീല മുഹമ്മദ് സെമിഫൈനലില്‍ പുറത്തായി. 
അമേരിക്കയുടെ ഷാമിയര്‍ ലിറ്റലിനെ 1.1 സെക്കന്റിന്റെ വ്യത്യാസത്തില്‍ മറികടന്നാണ് ഫെംകെ സ്വര്‍ണത്തിലേക്ക് കുതിച്ചത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സിഡ്‌നിക്ക് പിന്നില്‍ വെള്ളിയും ഒളിംപിക്‌സില്‍ വെങ്കലവുമാണ് ഫെംകെക്ക് ലഭിച്ചത്. 
ഹാമര്‍ത്രോയില്‍ രണ്ട് അമേരിക്കക്കാരികളെ പിന്തള്ളി കാനഡയുടെ കാംറിന്‍ റോജേഴ്‌സ് സ്വര്‍ണം നേടി. 2019 ലെ ചാമ്പ്യന്‍ ഡിയാന പ്രൈസാണ് മൂന്നാം സ്ഥാനത്ത്. 

Latest News