ലോക അത്‌ലറ്റിക്‌സില്‍ ജമൈക്കന്‍ മെഡല്‍ ഡേ

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ അഞ്ചാം ദിനം ജമൈക്കയുടേതായി. അഞ്ച് ജമൈക്കന്‍ താരങ്ങള്‍ വിജയപീഠത്തില്‍ കയറി. നാലു പേര്‍ ഹര്‍ഡില്‍സിലും ലോംഗ്ജമ്പിലും മറ്റൊന്ന് 400 മീറ്റര്‍ ഓട്ടത്തിലും. ആദ്യ നാലു ദിനം മൂന്നു മെഡലുകള്‍ മാത്രമാണ് ജമൈക്കക്ക് ലഭിച്ചത്. അഞ്ചാം ദിനത്തിലെ മെഡല്‍ക്കൊയ്‌ത്തോടെ അവര്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 19 മെഡലുമായി അമേരിക്കയാണ് മുന്നില്‍. 
ഷെല്ലി ആന്‍ ഫ്രെയ്‌സറും എലയ്ന്‍ തോംസണ്‍ ഹിറയുമൊന്നുമല്ല പതിവു പോലെ മെഡല്‍ക്കൊയ്ത്തിന് നേതൃത്വം നല്‍കിയത്. ഏറ്റവും വലിയ അദ്ഭുതം വനിതകളുടെ 100 മീറ്ററില്‍ ഒന്നാമതെത്തിയ ഡാനിയേല്‍ വില്യംസാണ്. 2015 ലെ ലോക ചാമ്പ്യന്‍ഷിപ്പിനു ശേഷം ആദ്യമായാണ് ഡാനിയേല്‍ സ്വര്‍ണം നേടുന്നത്. ഒളിംപിക് റെക്കോര്‍ഡുകാരി പ്യൂര്‍ടോറിക്കയുടെ ജാസ്മിന്‍ കമാചൊ ക്വിന്നിനെ 0.01 സെക്കന്റ് പിന്നിലാക്കിയാണ് മുപ്പതുകാരി സ്വര്‍ണം തൊട്ടത്. നിലവിലെ ചാമ്പ്യനും ലോക റെക്കോര്‍ഡുകാരിയുമായ ടോബി അമുസാന് അഞ്ചാം സ്ഥാനമേ ലഭിച്ചുള്ളൂ.
100 മീറ്റര്‍ ഹര്‍ഡില്‍സ് ഏറ്റവുമധികം വെല്ലുവിളിയുള്ള ഇനമാണ്. അവസാന ആറ് ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലുമായി ആറ് വ്യത്യസ്ത താരങ്ങളാണ് ഹൈ ഹര്‍ഡില്‍സില്‍ ചാമ്പ്യന്മാരായത്. 2015 ല്‍ ലോക ചാമ്പ്യനായ ശേഷം ഒരിക്കലേ ഡാനിയേല്‍ മെഡല്‍ നേടിയിട്ടുള്ളൂ-2019 ലെ ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. 
പുരുഷ ലോംഗ്ജമ്പില്‍ വെള്ളിയും വെങ്കലവും ജമൈക്കക്കാര്‍ക്കായിരുന്നു. വെയ്ന്‍ പിന്നോക്കും തജായ് ഗയ്‌ലും. ഗ്രീസിന്റെ ഒളിംപിക് ചാമ്പ്യന്‍ മില്‍റ്റിയാഡിസ് ടെന്‍ഡോഗ്ലുവിന് (8.52 മീ.) തൊട്ടുപിന്നിലെത്തി പിന്നോക്ക് (8.50 മീ.). തജായ് 8.25 മീറ്റര്‍ ചാടി. യോഗ്യതാ റൗണ്ടില്‍ പിന്നോക്ക് 8.54 മീറ്റര്‍ ചാടിയിരുന്നു. 2019 ലെ ദോഹ ലോക ചാമ്പ്യന്‍ഷിപ്പിലെ ചാമ്പ്യനാണ് ഗയ്ല്‍. 
400 മീറ്ററില്‍ ഇരുപത്തൊന്നുകാരന്‍ ആന്റോണിയൊ വാട്‌സനാണ് ജമൈക്കക്ക് നാലാമത്തെ മെഡല്‍ സമ്മാനിച്ചത്. 44.22 സെക്കന്റില്‍ വാട്‌സന്‍ കുതിച്ചെത്തി. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ റഷല്‍ ക്ലേറ്റന്‍ 52.81 മീറ്റര്‍ വെങ്കലം നേടി. 

 

Latest News