ലോക ബാഡ്മിന്റണ്‍: മുന്‍ ചാമ്പ്യനെ  അട്ടിമറിച്ച് പ്രണോയ് ക്വാര്‍ട്ടറില്‍

കോപന്‍ഹാഗന്‍ - ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നു ഗെയിമില്‍ മുന്‍ ചാമ്പ്യന്‍ സിംഗപ്പൂരിന്റെ ലോ കീ യൂനിനെ അട്ടിമറിച്ച് മലയാളി ഷട്‌ലര്‍ എച്ച്.എസ് പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഒന്നാം ഗെയിമിലും മൂന്നാം ഗെയിമിലും രണ്ട് കളിക്കാരും ഓരോ പോയന്റിനും വേണ്ടി അവസാനം വരെ പൊരുതി. സ്‌കോര്‍: 21-18, 15-21, 21-19. 
ഡബ്ള്‍സില്‍ ഇന്ത്യയുടെ സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ലോക രണ്ടാം നമ്പറായ ഇന്ത്യന്‍ കൂട്ടുകെട്ട് 21-15, 19-21, 21-9 ന് പത്താം റാങ്കുകാരായ ഇന്തോനേഷ്യയുടെ ലിയോ റോളി കാര്‍നാന്‍ഡൊ-ഡാനിയേല്‍ മാര്‍ത്തിന്‍ സഖ്യത്തെ തോല്‍പിച്ചു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ സത്വികും ചിരാഗും ഒരു ജയം കൂടി കൈക്കലാക്കിയാല്‍ മെഡല്‍ നേട്ടം ആവര്‍ത്തിക്കും. കോമണ്‍വെല്‍ത്ത് ഗെയിംസ് ചാമ്പ്യന്മാരായ സത്വികും ചിരാഗും ഈ സീസണില്‍ നാല് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 11ാം സീഡുകളായ ഡെന്മാര്‍ക്കിന്റെ കിം അസ്ത്രൂപ്-ആന്‍ഡേഴ്‌സ് സ്‌കാറുപ് റാസ്മുസന്‍ ജോഡിയെ അവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടും. 
വനിതാ ഡബ്ള്‍സില്‍ കണ്ണൂര്‍ക്കാരി ട്രീസ ജോളിയും പുല്ലേല ഗോപിചന്ദിന്റെ മകള്‍ ഗായത്രിയും പ്രി ക്വാര്‍ട്ടറില്‍ പുറത്തായി. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലിലെത്തിയ അവര്‍ 14-21, 9-21 ന് ടോപ് സീഡുകളായ ചൈനയുടെ ചെന്‍ ക്വിംഗ് ചെന്‍-ജിയ യി ഫാന്‍ ജോഡിയോട് തോറ്റു. ജര്‍മന്‍ ഓപണിലും ഇതേ സഖ്യത്തോട് ട്രീസയും ഗായത്രിയും തോറ്റിരുന്നു. 

Latest News