ഏഷ്യാ കപ്പ്: ഇന്ത്യന്‍ ക്യാമ്പ് ബംഗളൂരുവില്‍ തുടങ്ങി

ബംഗളൂരു - ഏഷ്യാ കപ്പിനും ലോകകപ്പിനും മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആറു ദിവസത്തെ കണ്ടിഷനിംഗ് ക്യാമ്പ് ബംഗളൂരുവിനടുത്ത ആളൂരില്‍ ആരംഭിച്ചു. ഏഷ്യാ കപ്പിനായി തെരഞ്ഞെടുക്കപ്പെട്ട 18 പേരില്‍ 15 പേര്‍ ക്യാമ്പിലെത്തി. അയര്‍ലന്റില്‍ ട്വന്റി20 പരമ്പര കളിക്കാന്‍ പോയ ജസ്പ്രീത് ബുംറ, സഞ്ജു സാംസണ്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രാത്രി വൈകിയാണ് ബംഗളൂരുവില്‍ തിരിച്ചെത്തിയത്.  എല്ലാ കളിക്കാരുടെയും ഫിറ്റ്‌നസ് പരിശോധിച്ച ശേഷം ഗ്രൂപ്പുകളായി തിരിച്ചാണ് ക്യാമ്പ് പുരോഗമിക്കുക. 
കരീബിയന്‍ പര്യടനത്തിലും അയര്‍ലന്റിനെതിരായ പരമ്പരയിലും വിശ്രമം നല്‍കിയ സീനിയര്‍ കളിക്കാര്‍ക്ക് കഴിഞ്ഞ രണ്ടാഴ്ച പാലിക്കേണ്ട ഭക്ഷണക്രമങ്ങളും ചെയ്യേണ്ട വ്യായാമങ്ങളും നേരത്തെ നിര്‍ദേശിച്ചിരുന്നു. ലോകകപ്പിന് മുമ്പ് പരിക്ക് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 
ക്യാമ്പില്‍ ഏറ്റവുമധികം നിരീക്ഷിക്കപ്പെടുക കെ.എല്‍ രാഹുലിന്റെ ഫിറ്റ്‌നസാണ്. ഐ.പി.എല്ലിന്റെ തുടക്കത്തിലുണ്ടായ തുടയിലെ പരിക്കില്‍ നിന്നും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടില്‍ നിന്നും രാഹുല്‍ മോചിതനായിട്ടുണ്ട്. എന്നാല്‍ പിന്നീടുണ്ടായ ചെറിയ പരിക്കു കാരണം ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ രാഹുല്‍ ലഭ്യമായിരിക്കില്ലെന്നാണ് സൂചന. അതിനാലാണ് റിസര്‍വായി സഞ്ജു ശ്രീലങ്കയിലേക്ക് ടീമിനൊപ്പം പോവുന്നത്. 
മാര്‍ച്ച് മുതല്‍ വിട്ടുനില്‍ക്കുന്ന ശ്രേയസ് അയ്യര്‍ പൂര്‍ണ ഫിറ്റ്‌നസ് നേടിക്കഴിഞ്ഞു. 30 ന് ടീം കൊളംബോയിലേക്ക് തിരിക്കും. പാക്കിസ്ഥാനെതിരെ പള്ളിക്കലെയില്‍ സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഏഷ്യാ കപ്പില്‍ പരമാവധി ആറ് മത്സരങ്ങള്‍ കളിക്കാനാണ് ഇന്ത്യക്ക് അവസരം ലഭിക്കുക. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ മൂന്നു മത്സര ഏകദിന പരമ്പരയുണ്ട്. തുടര്‍ന്ന് രണ്ട് സന്നാഹ മത്സരങ്ങള്‍ക്കു ശേഷം ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങണം. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

കാര്യവട്ടത്ത്ആറ് ടീമുകള്‍ കളിക്കും
ലോകകപ്പിന് മുന്നോടിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നാല് സന്നാഹ മത്സരങ്ങള്‍ നടക്കും.ലോകകപ്പ് ഒരുക്കത്തിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ ആറ് ടീമുകള്‍ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തെ ആദ്യ സന്നാഹ മത്സരം സെപ്റ്റംബര്‍ 29 ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. പിറ്റേന്ന് ഓസ്‌ട്രേലിയയും നെതര്‍ലാന്റ്‌സും ഏറ്റുമുട്ടും. ഒക്ടോബര്‍ രണ്ടിനാണ് മൂന്നാമത്തെ കളി, ന്യൂസിലാന്റും ദക്ഷിണാഫ്രിക്കയും തമ്മില്‍. പിറ്റേന്ന് ഇന്ത്യന്‍ ടീം അവസാന മത്സരത്തില്‍ നെതര്‍ലാന്റ്‌സുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഗുവാത്തിയില്‍ ഇംഗ്ലണ്ടിനെതിരെയാണ്. 
പാക്കിസ്ഥാന്‍xന്യൂസിലാന്റ്, ദക്ഷിണാഫ്രിക്കxഅഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് x ശ്രീലങ്ക, ഓസ്‌ട്രേലിയ x നെതര്‍ലാന്റ്‌സ് എന്നിങ്ങനെയാണ് മറ്റു മത്സരങ്ങള്‍. ഒക്ടോബര്‍ അഞ്ചിന് ഓസ്‌ട്രേലിയxന്യൂസിലാന്റ് മത്സരത്തോടെ അഹമ്മദാബാദില്‍ ലോകകപ്പ് ആരംഭിക്കും.

Latest News