യൂജിന്‍ ആവര്‍ത്തിച്ചു, ഇന്‍ഗ്ബ്രിസ്റ്റന് വീണ്ടും തിരിച്ചടി

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം ഉറപ്പാണെന്നു കരുതിയ നോര്‍വെയുടെ യാഖുബ് ഇന്‍ഗെബ്രിസ്റ്റന് വീണ്ടും തിരിച്ചടി. കടുത്ത തൊണ്ടവേദനയുമായി മത്സരിച്ച ഇന്‍ഗ്‌ബ്രെസ്റ്റനെ രണ്ടാം സ്ഥാനത്തേക്കു തള്ളി ബ്രിട്ടന്റെ ജോഷ് കെര്‍ സ്വര്‍ണം നേടി. ഒളിംപിക്‌സില്‍ വെങ്കലം നേടുകയും രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും കെറിന് ഇത്തവണ ആരും സാധ്യത കല്‍പിച്ചിരുന്നില്ല. കഴിഞ്ഞ യൂജിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മറ്റൊരു ബ്രിട്ടിഷ് താരം ജെയ്ക് വൈറ്റ്മാനാണ് ഇന്‍ഗബ്രിസ്റ്റനെ തോല്‍പിച്ചത്. വൈറ്റ്മാന്‍ പരിക്കു കാരണം ബുഡാപെസ്റ്റില്‍ മത്സരത്തിനുണ്ടായിരുന്നില്ല. ഒളിംപിക്‌സില്‍ ഇന്‍ഗ്ബ്രിസ്റ്റന്‍ സ്വര്‍ണം നേടി.
തുടക്കത്തില്‍ ഇന്‍ഗെബ്രിസ്റ്റന്‍ കുതിച്ചെങ്കിലും കെര്‍ തൊട്ടുപിന്നാലെ മുന്നേറി. 200 മീറ്റര്‍ ശേഷിക്കെ കെര്‍ മുന്നില്‍ കയറുകയും 0.27 സെക്കന്റ് വ്യത്യാസത്തില്‍ ജയിക്കുകയും ചെയ്തു. നോര്‍വെയുടെ തന്നെ നാര്‍വെ നോര്‍ദാസിനാണ് വെങ്കലം. 
വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഡൊമിനിക്ക റിപ്പബ്ലിക്കിന്റെ മേരിലെയ്ഡി പോളിനൊ സ്വര്‍ണം നേടി (48.76 സെ.). പോളണ്ടിന്റെ നതാലിയ കാസ്മാരെക്കിനാണ് വെള്ളി. പോളിനോക്ക് കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 
 

Latest News