ബുഡാപെസ്റ്റ് - ഇത്തവണത്തെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി തമിഴ്‌നാട്ടുകാരന്‍ ജെസ്വിന്‍ ആള്‍ഡ്രിന്‍. പുരുഷ ലോംഗ്ജമ്പില്‍ എട്ട് മീറ്റര്‍ പിന്നിട്ടാണ് ഇരുപത്തൊന്നുകാരന്‍ ഫൈനലിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും സ്ഥാനം സ്വന്തമാക്കിയത്.
ലോംഗ്ജമ്പില്‍ 8.42 മീറ്ററിന്റെ ദേശീയ റെക്കോര്‍ഡിനുടമയായ ജെസ്വിന്‍ സമീപകാലത്ത് ഫോമിലായിരുന്നില്ല. എങ്കിലും ലോക ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടിലെ ആദ്യ ചാട്ടത്തില്‍ എട്ട് മീറ്റര്‍ പിന്നിട്ടു. തുടര്‍ന്നുള്ള രണ്ട് ചാട്ടങ്ങള്‍ ഫൗളായി. 8.15 മീറ്റര്‍ ചാടിയവരോ ആദ്യ 12 സ്ഥാനങ്ങളിലുള്ളവരോ ആണ് ഫൈനലിലെത്തിയത്.
ജൂണില്‍ ഭുവനേശ്വറില്‍ 8.41 മീറ്റര്‍ വരെ ചാടുകയും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 8.37 മീറ്ററോടെ വെള്ളിയും പാരിസ് ഡയമണ്ട് ലീഗില്‍ വെങ്കലവും നേടുകയും വിദേശ മീറ്റുകളില്‍ മെഡല്‍ കരസ്ഥമാക്കുകയും ചെയ്ത ശ്രീശങ്കറിന് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 7.74 മീറ്റര്‍, 7.66 മീറ്റര്‍, 6.70 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. പങ്കെടുത്തവരില്‍ 22ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്ഥാനത്തെത്തിയ ശ്രീശങ്കര്‍ ഇത്തവണ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന താരമായിരുന്നു. ഈ സീസണിലെ ലോക റാങ്കിംഗില്‍ ഒന്നും രണ്ടും സ്ഥാനത്തായിരുന്നു ജെസ്വിനും ശ്രീശങ്കറും. ജമൈക്കയുടെ വെയ്ന്‍ പിന്നോക്ക് (8.54 മീ.) ചൈനയുടെ ജിയാനന്‍ വാംഗ് (8.34 മീ.), ഒളിംപിക് ചാമ്പ്യന്‍ ഗ്രീസിന്റെ മില്‍റ്റിയാഡിസ് ടെന്‍ഡോഗ്ലു (8.25 മീ.) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.
മറ്റൊരു മെഡല്‍ സാധ്യതയായിരുന്ന അവിനാഷ് സാബ്‌ലെയും (3000 മീ. സ്റ്റീപ്പിള്‍ചെയ്‌സ്) ഫൈനലിലെത്തിയിരുന്നില്ല.
100 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡുകാരി ജ്യോതി യാരാജിയും സെമി ഫൈനല്‍ കാണാതെ പുറത്തായി. സ്വന്തം ഹീറ്റില്‍ ഇരുപത്തിമൂന്നുകാരി ഏഴാം സ്ഥാനത്തായിരുന്നു. മത്സരിച്ചവരില്‍ 29ാം സ്ഥാനത്ത്. 13.05 സെക്കന്റിലാണ് ജ്യോതി ഫിനിഷ് ചെയ്തത്. ഈ സീസണില്‍ ഏഴു തവണ ജ്യോതി 13 സെക്കന്റില്‍ താഴെ ഓടിയിരുന്നു. 12.78 സെക്കന്റില്‍ ഓടിയാണ് ലോക യൂനിവേഴ്‌സിറ്റി ഗെയിംസില്‍ വെങ്കലം കരസ്ഥമാക്കിയത്. സെമിയിലെത്തിയ അവസാന താരം ഓടിയത് 12.92 സെക്കന്റിലായിരുന്നു. വനിതാ ജാവലിന്‍ ത്രോയില്‍ അനു റാണി പത്തൊമ്പതാം സ്ഥാനത്തായിരുന്നു.
വനിതാ ലോംഗ്ജമ്പില്‍ ശൈലി സിംഗും 20 കി.മീ നടത്തത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സന്തോഷ്‌കുമാര്‍ തമിളരശന്‍, സര്‍വേഷ് അനില്‍ കുഷാരെ എന്നിവരും വാലറ്റത്തായിരുന്നു. അജയ്കുമാര്‍ സരോജ് കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ചെങ്കിലും 1500 മീറ്ററില്‍ സെമിയിലെത്താനായില്ല. ട്രിപ്പിള്‍ജമ്പില്‍ പ്രവീണ്‍ ചിത്രവേല്‍, മലയാളികളായ അബ്ദുല്ല അബൂബക്കര്‍, എല്‍ദോസ് പോള്‍ എന്നിവരും പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.






