ബാകു - ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലിലെ രണ്ടാം ഗെയിമിലും ലാക ഒന്നാം നമ്പര്‍ മാഗനസ് കാള്‍സനെ തളച്ച് ഇന്ത്യയുടെ യുവ താരം രമേശ്ബാബു പ്രജ്ഞാനന്ദ. കറുത്ത കരുവുമായി കളിച്ച പതിനെട്ടുകാരന്‍ മുപ്പത് നീക്കങ്ങളിലാണ് ലോക ചാമ്പ്യനെ സമനിലയില്‍ കുരുക്കിയത്. ഒരു മണിക്കൂര്‍ നീണ്ട രണ്ടാം ഗെയിമില്‍ തുടക്കം മുതല്‍ കാള്‍സന്‍ സമനിലക്കായാണ് കളിക്കുന്നതെന്ന് വ്യക്തമായിരുന്നു. ആദ്യ മത്സരത്തില്‍ വെള്ളക്കരുവുമായി കളിച്ച പ്രജ്ഞാനന്ദ 35 നീക്കങ്ങളിലാണ് സമനില നേടിയത്. ഇതോടെ വിജയിയെ നിര്‍ണയിക്കാന്‍ വ്യാഴാഴ്ച സമയ നിയന്ത്രണമുള്ള ടൈബ്രേക്കറില്‍ ഇരുവരും ഏറ്റുമുട്ടും.
ഭക്ഷ്യവിഷബാധയേറ്റ് അസ്വസ്ഥതയുണ്ടായിരുന്നു കാള്‍സന്. കൂടുതല്‍ കരുത്തോടെ ഏകാഗ്രതയോടെ ടൈബ്രേക്കര്‍ കളിക്കാമെന്നായിരിക്കും കാള്‍സന്‍ കരുതുന്നത്.
റാപ്പിഡ് രീതിയിലുള്ള രണ്ട് ടൈബ്രേക്കറുകളാണ് കളിക്കുക. അതിലും തീരുമാനമായില്ലെങ്കില്‍ കൂടുതല്‍ ടൈബ്രേക്കറുകള്‍ നടത്തും.
ലോക മൂന്നാം നമ്പര്‍ ഫാബിയാനൊ കരുവാനയെ ടൈബ്രേക്കറില്‍ അട്ടിമറിച്ചാണ് പ്രജ്ഞാനന്ദ ഫൈനലിലെത്തിയത്. നേരത്തെ രണ്ടാം സീഡ് ഹികാരു നകാമുറയെയും പതിനെട്ടുകാരന്‍ തോല്‍പിച്ചിരുന്നു. കാള്‍സനും ബോബി ഫിഷറും കഴിഞ്ഞാല്‍ ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ താരമാണ് പ്രജ്ഞനന്ദ. 2005 ല്‍ നോക്കൗട്ട് രീതിയില്‍ ലോകകപ്പ് നടത്താന്‍ ആരംഭിച്ച ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ്. 2000 ലും 2002 ലും വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ചാമ്പ്യനായത് 24 കളിക്കാര്‍ പങ്കെടുത്ത ലീഗ് കം നോക്കൗട്ടടിസ്ഥാനത്തിലുള്ള ടൂര്‍ണമെന്റുകളിലാണ്.






