ബുഡാപെസ്റ്റ് - കെനിയയുടെ ഫെയ്ത് കിപ്യെഗോണ്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ 1500 മീറ്ററില്‍ മൂന്നാം തവണ സ്വര്‍ണം നേടി. തുടക്കം മുതല്‍ കുതിച്ച് എതിരാളികളെ നിഷ്പ്രഭയാക്കിയ കെനിയക്കാരി 3:54.87 മിനിറ്റില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഹാട്രിക് സ്വര്‍ണം പ്രതീക്ഷെത്തിയ നെതര്‍ലാന്റ്സിന്റെ സിഫാന്‍ ഹസന് ഒരവസരം പോലും ലഭിച്ചില്ല. സിഫാന്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എത്യോപ്യയുടെ വെല്തേജി ദിരീബെക്കാണ് വെള്ളി. 2017 ലും 2022 ലും കിപ്യെഗോണായിരുന്നു ചാമ്പ്യന്‍. ഇരുപത്തൊമ്പതുകാരി മൂന്ന് ലോക റെക്കോര്‍ഡുകള്‍ക്കും ഉടയമാണ്.
ടോക്കിയൊ ഒളിംപിക്സിലും ഈയിനത്തില്‍ സിഫാന്‍ വെങ്കലമായിരുന്നു ലഫഭിച്ചത്. ഇത്തവണ 10,000 മീറ്ററിലും 5000 മീറ്ററിലും 1500 മീറ്ററിലും സ്വര്‍ണം ലക്ഷ്യമിട്ടാണ് സിഫാന്‍ ബുഡാപെസ്റ്റിലെത്തിയത്. ആദ്യം നടന്ന 10,000 മീറ്ററില്‍ വിജയത്തിനരികെ സിഫാന്‍ കാലിടറി വീഴുകയും ഒഴിഞ്ഞ കൈയുമായി വര കടക്കേണ്ടി വരികയും ചെയ്തിരുന്നു.






