തലനാരിഴയില്‍ ഹെപ്റ്റാത്തലണ്‍, കാതറിനക്ക് സ്വര്‍ണം

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഹെപ്റ്റാത്തലണില്‍ തലനാരിഴ വ്യത്യാസത്തില്‍ ബ്രിട്ടിഷ് താരം കാതറിന ജോണ്‍സണ്‍ സ്വര്‍ണം നേടി. ഏഴിനങ്ങളില്‍ അവസാനത്തേതായ 800 മീറ്റര്‍ ഓട്ടം വരെ അമേരിക്കയുടെ അന്ന ഹാളും കാതറിന ജോണ്‍സണും ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു. ഒടുവില്‍ 20 പോയന്റ് വ്യത്യാസത്തിലാണ് കാതറിന ചാമ്പ്യനായത്.
അവസാന ഇനം തുടങ്ങുന്നതു വരെ കാതറിനയായിരുന്നു മുന്നില്‍. പക്ഷെ 800 മീറ്റര്‍ അന്നയുടെ പ്രിയ ഇനമാണ്. അന്ന വലിയ ലീഡ് നേടിയാല്‍ സ്വര്‍ണം കൈവിടും. എന്നാല്‍ തൊട്ടുപിന്നിലായി നില്‍ക്കാന്‍ കാതറിന ജോണ്‍സണിന് സാധിച്ചു. 800 മീറ്ററില്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും തമ്മിലുള്ള വ്യത്യാസം ചെറുതായതിനാലാണ് കാതറിനക്ക് സ്വര്‍ണം ലഭിച്ചത്. അന്നക്ക് 6720 പോയന്റ് കിട്ടി. കാതറിനക്ക് 6740 പോയന്റും. രാജ്യാന്തര മീറ്റില്‍ ഇത്ര ചെറിയ വ്യത്യാസത്തില്‍ സ്വര്‍ണം നിശ്ചയിക്കപ്പെടുന്നത് ആദ്യമാണ്. 
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പരിക്കുമായി മല്ലടിച്ച കാതറിനക്ക് ഈ നേട്ടം വലിയ ആത്മവിശ്വാസം പകരുന്നതായി. അന്നയുടെ പ്രിയ ഇനമായ 800 മീറ്റര്‍ ആരംഭിക്കുമ്പോള്‍ കാതറിനയുടെ ലീഡ് വെറും 43 പോയന്റായിരുന്നു. 

Latest News