സിഡ്‌നി - അജയ്യരായി മുന്നേറിയ യൂറോപ്യൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് സ്‌പെയിൻ വനിതാ ലോകകപ്പ് ഫുട്‌ബോൾ ചാമ്പ്യന്മാരായി. ഇരുപത്തൊമ്പതാം മിനിറ്റിൽ ക്യാപ്റ്റൻ ഓൽഗ കർമോണയാണ് മത്സരത്തിലെ ഏക ഗോളടിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനോട് 4-0 ന് തോറ്റ സ്‌പെയിൻ ഉജ്വലമായ തിരിച്ചുവരാണ് നടത്തിയത്. സിഡ്‌നിയിലെ ഫൈനലിൽ 76,000 കാണികൾക്കു മുന്നിൽ ഇംഗ്ലണ്ടിനെതിരെ അവർ ആധിപത്യം പുലർത്തി. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടാം പകുതിയിൽ പെനാൽട്ടി കിട്ടിയെങ്കിലും സ്‌പെയിനിന് മുതലാക്കാനായില്ല.
കഴിഞ്ഞ വർഷം 15 മുൻനിര കളിക്കാരികൾ കലാപം സൃഷ്ടിച്ചെങ്കിലും കോച്ചിന് പിന്നിൽ അണിനിരന്ന സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷന്റെ നിലപാടിന്റെ അംഗീകാരമായി ഈ വിജയം വിലയിരുത്തപ്പെടും. ആ 15 പേരിൽ മൂന്നു പേരേ ലോകകപ്പ് ടീമിലുള്ളൂ.
സ്‌പെയിൻ ആദ്യമായാണ് ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ട് കോച്ച് സെറീന വീഗമാന് ഇത് തുടർച്ചയായ രണ്ടാം ഫൈനൽ തോൽവിയാണ്. കഴിഞ്ഞ തവണ വീഗമാൻ പരിശീലിപ്പിച്ച ജർമനിയെ കീഴടക്കിയാണ് അമേരിക്ക ചാമ്പ്യന്മാരായത്.
1991 ൽ തുടങ്ങിയ വനിതാ ലോകകപ്പിൽ ചാമ്പ്യന്മാരാവുന്ന അഞ്ചാമത്തെ ടീമാണ് സ്‌പെയിൻ. അമേരിക്കയും ജർമനിയും നോർവെയും ജപ്പാനുമാണ് മറ്റു ടീമുകൾ. ഫുട്‌ബോൾ എന്ന കളി രൂപം കൊണ്ട ഇംഗ്ലണ്ട് ഒരിക്കലേ ലോകകപ്പ് ഉയർത്തിയിട്ടുള്ളൂ, 1966 ൽ അവരുടെ പുരുഷ ടീം.






