ചാമ്പ്യന്‍ കരുത്ത് തെളിയിച്ച് സിറ്റി, യുനൈറ്റഡിനെ ഞെട്ടിച്ച് ടോട്ടനം

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മുന്‍നിരപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അതിവേഗം കുതിക്കുന്ന ന്യൂകാസിലിനെ 1-0 ന് തോല്‍പിച്ചു. യൂലിയന്‍ അല്‍വരേസാണ് തകര്‍പ്പന്‍ ഗോളിലൂടെ മത്സരത്തിന്റെ വിധിയെഴുതിയത്. ക്ലബ്ബ് റെക്കോര്‍ഡായ തുടര്‍ച്ചയായ പതിനേഴാം ലീഗ് വിജയമാണ് ഇത്. ന്യൂകാസില്‍ ആദ്യ കളിയില്‍ 5-1 ന് ആസ്റ്റണ്‍വില്ലയെ തകര്‍ത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. 
കെവിന്‍ ഡിബ്രൂയ്‌നെ, ബെര്‍ണാഡൊ സില്‍വ തുടങ്ങിയവരില്ലാതെയാണ് സിറ്റി കളിച്ചത്. ഡിബ്രൂയ്‌നെയുടെ അഭാവം അല്‍വരേസിന് സഹായമാവും. കഴിഞ്ഞ സീസണില്‍ സൂപ്പര്‍ സബ്ബായി കളിക്കേണ്ടി വന്നിട്ടും 17 ഗോളടിച്ചിരുന്നു. മുപ്പത്തൊന്നാം മിനിറ്റില്‍ ഫില്‍ ഫോദന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. എര്‍ലിംഗ് ഹാളന്റ് മങ്ങിയതിനാലാണ് സിറ്റിയുടെ ആധിപത്യം ഗോള്‍നിലയില്‍ കാണാതെ പോയത്. 
ഹാരി കെയ്ന്‍ ക്ലബ്ബ് വിട്ട ശേഷമുള്ള ആദ്യ ഹോം മത്സരം ടോട്ടനം വിജയത്തോടെ ആഘോഷിച്ചു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അവര്‍ 2-0 ന് തോല്‍പിച്ചു. കോച്ച് ആഞ്ചലൊ പോസ്റ്റകോഗ്ലുവിനും ഇത് ആദ്യ ഹോം മത്സരമായിരുന്നു. പാപെ സാറാണ് ടോട്ടനത്തിന്റെ ഗോളടിച്ചത്. ലിസാന്ദ്രൊ മാര്‍ടിനേസിന്റെ സെല്‍ഫ് ഗോള്‍ ലീഡുയര്‍ത്തി. യുനൈറ്റഡ് ആദ്യ കളിയില്‍ വുള്‍വര്‍ഹാംപ്റ്റനെതിരെ കഷ്ടിച്ച് വിജയം പിടിച്ചതായിരുന്നു. ഇത്തവണ നന്നായി തുടങ്ങിയ ശേഷം അവര്‍ മങ്ങിപ്പോവുകയായിരുന്നു.
 

Latest News