ഡ്യൂറന്റ്: മുംബൈ ക്വാര്‍ട്ടറില്‍ ഒഡിഷയെ ഞെട്ടിച്ച് ബോഡോലാന്റ്


കൊല്‍ക്കത്ത - ഇന്ത്യന്‍ നേവിയെ മറുപടിയില്ലാത്ത നാലു ഗോളിന് തകര്‍ത്ത് മുംബൈ സിറ്റി എഫ്.സി ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ജോര്‍ജ് പെരേര ഡിയാസ്, ഗ്രെഗ് സ്റ്റുവാര്‍ട്, ഗുര്‍കിരാത് സിംഗ്, പുതുമുഖം നഥാന്‍ റോഡ്രിഗസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. തുടക്കം മുതല്‍ മുംബൈ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ ഗോളിന് അവര്‍ക്ക് മുപ്പത്തിനാലാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടി വന്നു. ഇടവേളക്കു ശേഷമാണ് മുംബൈ എതിരാളികളെ നിഷ്പ്രഭരാക്കിയത്. 
അസമിലെ കൊക്രാജാറില്‍ ചരിത്ര ജയത്തോടെ ബോഡോലാന്റ് ടൂര്‍ണമെന്റ് അവസാനിപ്പിച്ചു. ഐ.എസ്.എല്‍ ടീമും ഇന്ത്യന്‍ സൂപ്പര്‍കപ്പ് ചാമ്പ്യന്മാരുമായ ഒഡിഷ എഫ്.സിയെ അവര്‍ 2-1 ന് അട്ടിമറിച്ചു. ബോഡോലാന്റ് ആദ്യമായാണ് ഡ്യൂറന്റ് കപ്പില്‍ പങ്കെടുക്കുന്നത്. പുംഗ്‌തെ ലപൂംഗിലൂടെ ഒഡിഷ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ ബോഡോലാന്റ് തിരിച്ചടിച്ചു. ഗ്രൂപ്പ് എഫില്‍ ഒഡിഷക്കും ബോഡോലാന്റിനും രാജസ്ഥാന്‍ യുനൈറ്റഡിനും മൂന്നു പോയന്റും ഇന്ത്യന്‍ ആര്‍മിക്ക് ആറ് പോയന്റുമാണ്. 

Latest News