ലോക മീറ്റ്: അതിവേഗ നടത്തം, ആല്‍വരോക്ക് ആദ്യ സ്വര്‍ണം

ബുഡാപെസ്റ്റ് - ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ സ്വര്‍ണം സ്‌പെയിനിന്റെ ആല്‍വരൊ മാര്‍ടിന്. 20 കി.മീ നടത്തത്തില്‍ അവസാന അഞ്ച് കിലോമീറ്ററില്‍ മുന്നിലെത്തിയ ആല്‍വരൊ ഒരു മണിക്കൂര്‍ 17 മിനിറ്റ് 32 സെക്കന്റില് ഒന്നാമതെത്തി. ആല്‍വരൊ രണ്ടു തവണ യൂറോപ്യന്‍ ചാമ്പ്യനായിരുന്നു. ഫിനിഷ് ചെയ്ത ആദ്യ ആറു പേരില്‍ അഞ്ചും സ്വന്തം ദേശീയ റെക്കോര്‍ഡ് തകര്‍ത്ത മത്സരം പതിവിലും വേഗമേറിയതായിരുന്നു. കഴിഞ്ഞ ഒളിംപിക്‌സില്‍ കഷ്ടിച്ച് വെങ്കലം നഷ്ടപ്പെട്ടിരുന്നു ആല്‍വരോക്ക്. കനത്ത കാറ്റ് കാരണം ലോക ചാമ്പ്യന്‍ഷിപ്പ് രണ്ടു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. 
മധ്യദൂര, ദീര്‍ഘദൂര ട്രിപ്പിള്‍ തേടി ഇറങ്ങിയ ഡച്ചുകാരി സിഫാന്‍ ഹസന്‍ 1500 മീറ്ററില്‍ ആദ്യ റൗണ്ട് പിന്നിട്ടു. ടോക്കിയൊ ഒളിംപിക്‌സില്‍ സിഫാന്‍ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണവും 1500 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു. മൂന്നു തവണ ഈ സീസണില്‍ ലോക റെക്കോര്‍ഡ് തിരുത്തിയ കെനിയക്കാരി ഫെയ്ത് കിപ്യെഗോണും 1500 മീറ്ററില്‍ സെമിഫൈനലിലെത്തിയിട്ടുണ്ട്. ഷോട്ട്പുട്ടില്‍ നിലവിലെ ചാമ്പ്യന്‍ അമേരിക്കയുടെ റയാന്‍ ക്രൂസര്‍ സുരക്ഷതമായി ആദ്യ റൗണ്ട് കടന്നു. ഹാമര്‍ത്രോയില്‍ പോളണ്ടിന്റെ പാവെല്‍ ഫയ്‌ദെക് ഫൈനലിലെത്തി. തുടര്‍ച്ചയായ ആറാമത്തെ ലോക ചാമ്പ്യന്‍ഷിപ് സ്വര്‍ണമാണ് ഫെയ്‌ദെക് ലക്ഷ്യമിടുന്നത്. 1983 മുതല്‍ 1997 വരെ പോള്‍വോള്‍ടില്‍ സ്വര്‍ണം നേടിയ സെര്‍ഹയ് ബൂബ്കയുടെ റെക്കോര്‍ഡും ഫെയ്‌ദെക്കിന് തൊട്ടരികിലാണ്. എന്നാല്‍ പോളണ്ടിന്റെ തന്നെ ഒളിംപിക് ചാമ്പ്യന്‍ വോയ്‌സിയേഷ് നോവിക്കിയാണ് നിലവിലെ ലോക ഒന്നാം നമ്പര്‍.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് നിരാശപ്പെടുത്തുന്ന തുടക്കം. അഞ്ജു ബോബി ജോര്‍ജിന്റെ ശിഷ്യ ശൈലി സിംഗ് വനിതാ ലോംഗ്ജമ്പില്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സില്‍ അവിനാഷ് സാബ്‌ലെയും ഫൈനലിലേക്ക് മുന്നേറിയില്ല. 
വനിതാ ലോംഗ്ജമ്പില്‍ പങ്കെടുത്ത 36 പേരില്‍ ഇരുപത്തിനാലാം സ്ഥാനത്തായിരുന്നു ശൈലി. രണ്ടാം ശ്രമത്തില്‍ ചാടിയ 6.40 മീറ്ററാണ് മികച്ച ദൂരം. ആദ്യ 12 പേരേ ഫൈനലിലേക്ക് മുന്നേറൂ. ശൈലി ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ്പ്രിയില്‍ 6.76 മീറ്റര്‍ ചാടിയിരുന്നു. 
2019 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളി കരസ്ഥമാക്കിയ അവിനാഷിന് സ്റ്റീപ്പിള്‍ചെയ്‌സിന്റെ ഹീറ്റ് ഒന്നില്‍ മത്സരിച്ച 12 പേരില്‍ ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. എട്ട് മിനിറ്റ് 22.24 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. മാസങ്ങളായി വിദേശത്ത് പരിശീലനത്തിലായിരുന്ന ഇരുപത്തെട്ടുകാരന്‍ ഫൈനലിലെത്തുമെന്നെങ്കിലും പ്രതീക്ഷിച്ചിരുന്നു. 
പുരുഷന്മാരുടെ 20 കി.മീ നടത്തത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നു. വികാസ് സിംഗ് ഇരുപത്തെട്ടാമതും (ഒരു മണിക്കൂര്‍ 21.58 മിനിറ്റ്) പരംജീത് സിം ബിഷ്ത് മുപ്പത്തഞ്ചാമതും (1:24.02) ആകാശ്ദീപ് സിംഗ് നാല്‍പത്തേഴാമതുമാണ് (1:31.12) വര കടന്നത്. സ്‌പെയിനിന്റെ ആല്‍വരൊ മാര്‍ടിനാണ് സ്വര്‍ണം നേടിയത് (1:17.32). സ്വീഡന്റെ പെര്‍സിയൂസ് കാള്‍സ്‌ട്രോമും (1:17.39) ബ്രസീലിന്റെ സായിയൊ ബോണ്‍ഫിമും (1:17.47) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

 

Latest News