കെയ്‌നിനും ബയേണിനും മിന്നുന്ന തുടക്കം

ബ്രേമന്‍ - പുതിയ സീസണ്‍ ബുണ്ടസ്‌ലിഗയിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂണിക് മറുപടിയില്ലാത്ത നാലു ഗോളിന് വെര്‍ദര്‍ ബ്രേമനെ തകര്‍ത്തു. പുതുതായി ടീമിലെത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ലീഗിലെ അരങ്ങേറ്റത്തില്‍ സ്‌കോര്‍ ചെയ്യുകയും മറ്റൊരു ഗോളിന് അവസരമൊരുക്കുകയും ചെയ്തു. 
മൂന്നാം മിനിറ്റില്‍ തന്നെ ലിറോയ് സാനെക്ക് ആദ്യ ഗോളടിക്കാന്‍ പാസ് നല്‍കിയത് കെയ്‌നായിരുന്നു. രണ്ടാം പകുതിയുടെ മധ്യത്തോടെ ലീഗിലെ ആദ്യ ഗോള്‍ കണ്ടെത്തുകയും ചെയ്തു. അഞ്ച് മിനിറ്റ് ശേഷിക്കെ കെയ്‌നിനെ പിന്‍വലിച്ചപ്പോള്‍ ഗാലറിയില്‍ നീണ്ട കരഘോഷം മുഴങ്ങി. ടോട്ടനത്തിന്റെയും ഇംഗ്ലണ്ടിന്റെയും ടോപ്‌സ്‌കോററായാണ് കെയ്ന്‍ ജര്‍മനിയിലെത്തിയത്. 
ബയേണ്‍ ജഴ്‌സിയില്‍ കെയ്‌നിന്റെ രണ്ടാം മത്സരമാണ് ഇത്. ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍ കഴിഞ്ഞയാഴ്ച ലെയ്പ്‌സിഷിനോട് ബയേണ്‍ 0-3 ന് തോറ്റിരുന്നു.
 

Latest News