മാഞ്ച. യുനൈറ്റഡ് x ടോട്ടനം
മാഞ്ച. സിറ്റി x ന്യൂകാസില്‍
ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍നിരയിലേക്ക് ചാടിക്കയറിയ ന്യൂകാസിലിന് ഈ സീസണിലും കുതിപ്പ് നിലനിര്‍ത്താനാവുമോയെന്നതിന്റെ ആദ്യ സൂചന ശനിയാഴ്ച അറിയാം. ആദ്യ മത്സരത്തില്‍ 5-1 ന് ആസ്റ്റണ്‍വില്ലയെ തകര്‍ത്ത് ഒന്നാം സ്ഥാനത്തേക്കുയര്‍ന്ന അവര്‍ ഇന്ന് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും. സിറ്റിയുടെ കോട്ടയായ ഇത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മത്സരം. ഹാരി കെയ്ന്‍ ക്ലബ്ബ് വിട്ടതോടെ ദുര്‍ബലമായ ടോട്ടനം മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായും കളിക്കും. വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ ചെല്‍സിക്കു വേണ്ടി പത്തൊമ്പതുകാരന്‍ മോയ്‌സസ് സായ്‌സീദൊ അരങ്ങേറിയേക്കും. ബ്രിട്ടിഷ് റെക്കോര്‍ഡായ 11.5 കോടി പൗണ്ടിനാണ് സായ്‌സീദോയെ ബ്രൈറ്റനില്‍ നിന്ന് ഇക്വഡോറുകാരനെ ചെല്‍സി സ്വന്തമാക്കിയത്.
ന്യൂകാസില്‍ എവേ മത്സരത്തില്‍ 23 വര്‍ഷമായി സിറ്റിയെ തോല്‍പിച്ചിട്ടില്ല. മാത്രമല്ല സിറ്റി യുവേഫ സൂപ്പര്‍ കപ്പ് കളിച്ചതിന്റെ ക്ഷീണത്തിലാണ്. പരിക്കേറ്റ കെവിന്‍ ഡിബ്രൂയ്‌നെ വിട്ടുനില്‍ക്കും.
കെയ്ന്‍ ബയേണ്‍ മ്യൂണിക്കിലേക്ക് പോയ ശേഷം ടോട്ടനത്തിന്റെ ആദ്യ കളിയാണ് ഇത്. കെയ്‌നിന്റെ ട്രാന്‍സ്ഫര്‍ അംഗീകരിച്ചതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ആരാധകര്‍. 20 ശതമാനം വര്‍ധന പ്രഖ്യാപിച്ചതോടെ പ്രീമിയര്‍ ലീഗിലെ ഏറ്റവും വിലയേറിയ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ടോട്ടനം ആരാധകര്‍.
യുനൈറ്റഡ് ആദ്യ കളിയില്‍ വുള്‍വര്‍ഹാംപ്റ്റനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ടതായിരുന്നു. വുള്‍വറിന് കിട്ടേണ്ട പെനാല്‍ട്ടി റഫറി നിഷേധിക്കുകയായിരുന്നു. 2005 നു ശേഷം ഒരു സന്ദര്‍ശക ടീം തൊടുത്തു വിട്ട ഷോട്ടുകളില്‍ വുള്‍വര്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.






