സൗദി ലീഗ് ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സില്‍

മുംബൈ - സൗദി പ്രൊ ഫുട്‌ബോള്‍ ലീഗിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശം സോണി സ്‌പോര്‍ട്‌സിന്. സോണി ലിവായിരിക്കും സ്ട്രീമിംഗ് പാര്‍ട്ണര്‍. രണ്ടു സീസണിലേക്കാണ് കരാര്‍. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, നെയ്മാര്‍, കരീം ബെന്‍സീമ, റിയാദ് മഹ്‌റേസ്, സാദിയൊ മാനെ, റോബര്‍ടൊ ഫിര്‍മിനൊ, എന്‍ഗോളെ കാണ്ടെ, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍ തുടങ്ങിയ ലോകോത്തര കളിക്കാര്‍ അരങ്ങേറുന്ന സൗദി ലീഗിനായി ലോകമെങ്ങും വലിയ ഡിമാന്റുണ്ട്. 
ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ സൗദി കിംഗ്‌സ് കപ്പും സെമി ഫൈനല്‍ മുതല്‍ സൗദി സൂപ്പര്‍ കപ്പും സോണി സംപ്രേഷണം ചെയ്യും. 


ലീഗിന്റെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം വാങ്ങാന്‍ നിരവധി അന്താരാഷ്ട്ര ചാനലുകളാണ് മത്സരിക്കുന്നത്. സ്‌പോര്‍ട്‌സ് ചാനലായ ഡാസന്‍, ഇറ്റാലിയന്‍ ചാനലായ ലാ 7, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ ഐ.എം.ജി, പോര്‍ച്ചുഗലിലെ സ്‌പോര്‍ട്‌സ് ടി.വി, അമേരിക്കയിലെ ഫോക്‌സ് സ്‌പോര്‍ട്‌സ്, ഫ്രാന്‍സിലെ കനാല്‍ പ്ലസ്, ഗ്രീസിലെ കോസ്‌മോട്ട് ചാനല്‍, ബ്രിട്ടനില്‍ സ്ട്രീമിംഗ് സംപ്രേഷണത്തിനുള്ള ഡാസന്‍ പ്ലാറ്റ്‌ഫോം, ഫ്രാന്‍സിലെ ആര്‍.എം.സി ചാനല്‍ അടക്കമുള്ള ലോകത്തെ മുന്‍നിര ചാനലുകള്‍ സംപ്രേക്ഷണാവകാശം വാങ്ങാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. 
ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് അന്താരാഷ്ട്ര ലീഗുകളുടെ കരുത്തിന്റെ അടയാളമാണ്. മുന്‍നിര താരങ്ങള്‍ കളിക്കുന്നതിനാല്‍ സൗദി ലീഗ് ഈ വര്‍ഷം ഏറ്റവും ശക്തമായ അന്താരാഷ്ട്ര ലീഗുകളിലൊന്നായി മാറിയിരിക്കുന്നു. കരീം ബെന്‍സിമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ നിരയിലേക്ക് ബ്രസീലിയന്‍ സുവര്‍ണ താരം നെയ്മാറും എത്തുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. 
ഈ പേരുകള്‍ തീര്‍ച്ചയായും സൗദി ലീഗിന്റെ വിപണി മൂല്യം ഉയര്‍ത്തി. പാരമ്പര്യ ഫുട്‌ബോള്‍ രാജ്യങ്ങളായ ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജര്‍മനി, റുമാനിയ, ദക്ഷിണ കൊറിയ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ സ്‌പോര്‍ട്‌സ് ചാനലുകളെയും ബ്രോഡ്കാസ്റ്റിംഗ് കമ്പനികളെയും സൗദി ലീഗ് ആകര്‍ഷിച്ചു. 130 ലേറെ പ്രദേശങ്ങളില്‍ സൗദി ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള കരാറുകള്‍ ഒപ്പുവെക്കുമെന്ന് അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ ബ്ലൂംബെര്‍ഗ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. ഇതിലൂടെ വരുമാനം നാലിരട്ടി വര്‍ധിക്കുമെന്നാണ് കരുതുന്നത്. പ്രതിവര്‍ഷം അഞ്ചു ലക്ഷം ഡോളറിനാണ് വിവിധ സൗദി ലീഗ് സംപ്രേഷണം ചെയ്യാനുള്ള അവകാശം ഡാസന്‍ നേടിയത്. 
ലീഗിലെ ഏറ്റവും വലിയ ക്ലബ്ബുകളായ അല്‍ഹിലാല്‍, അന്നസ്ര്‍, അല്‍ഇത്തിഹാദ്, അല്‍അഹ്‌ലി എന്നിവയില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഭൂരിഭാഗ ഓഹരി പങ്കാളിത്തമുണ്ട്. ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ അല്‍ഖാദിസിയ ക്ലബ്ബ് സ്വന്തമാക്കി. ക്ലബ്ബുകളുടെ ഭരണം മെച്ചപ്പെടുത്തുക, മികച്ച കളിക്കാരെ ആകര്‍ഷിക്കുക, യുവ സൗദി കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ സൗദി ഫുട്‌ബോള്‍ അസോസിയേഷനുമായി ഏകോപനം നടത്തുക എന്നീ മൂന്ന് പദ്ധതികളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ലീഗിന്റെ വാണിജ്യ മൂല്യം ഉയര്‍ത്തുക, മത്സരശേഷി വര്‍ധിപ്പിക്കുക, നിക്ഷേപകരെ ആകര്‍ഷിക്കുക, സൗദി യുവതാരങ്ങളുടെ നിലവാരം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമുണ്ട്. 

Latest News