ഡബ്ലിന്‍ - പ്രതീക്ഷിച്ചതില്‍ നിന്ന് വിരുദ്ധമായി മഴ മാറി നിന്നതോടെ അയര്‍ലന്റ്-ഇന്ത്യ ട്വന്റി20 മത്സരം സമയത്ത് തുടങ്ങും. വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗിനും പെയ്സ്ബൗളര്‍ പ്രസിദ്ധ് കൃഷ്ണക്കും ഇന്ത്യ ട്വന്റി20 അരങ്ങേറ്റത്തിന് അവസരമൊരുക്കി. റിങ്കു ആദ്യമായാണ് ഇന്ത്യന്‍ ജഴ്സിയില്‍ കളിക്കുക. പ്രസിദ്ധ് ഏകദിനത്തില്‍ 14 തവണ ഇന്ത്യന്‍ കുപ്പായമിട്ടിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.
ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കും ശസ്ത്രക്രിയകളും ചികിത്സയുമായി ഏതാണ്ട് ഒരു വര്‍ഷത്തോളം കളിക്കളത്തില്‍നിന്ന് വിട്ടുനിന്ന ഫാസ്റ്റ് ബൗളര്‍, മത്സര ഫിറ്റ്നസ് വീണ്ടെടുത്തുകഴിഞ്ഞോ എന്ന ആകാംക്ഷ ടീം ഇന്ത്യക്കും, ബി.സി.സി.ഐക്കും മാത്രമല്ല, രാജ്യത്തെ ക്രിക്കറ്റ് പ്രേമികള്‍ക്കുമുണ്ട്, ഒപ്പം ആശങ്കയും. ഓസ്ട്രേലിയയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിനിടെ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് 11 മാസമാണ് പെയ്സ് ബൗളര്‍ക്ക് ചികിത്സക്കും പുനുജ്ജീവനത്തിനും വേണ്ടിവന്നത്.
അയര്‍ലന്റിനെതിരായ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഡബ്ലിനിലാണ്. മൂന്ന് മത്സരങ്ങളിലുമായി പരമാവധി 12 ഓവര്‍ എറിയാന്‍ 29കാരന് അവസരമുണ്ട്. തന്റെ പഴയ മൂര്‍ച്ച വീണ്ടെടുത്തുകഴിഞ്ഞുവെന്ന് പെയ്സ് ബൗളര്‍ തെളിയിച്ചാല്‍ അത് കോച്ച് രാഹുല്‍ ദ്രാവിഡിനും, ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും നല്കുന്ന ആത്മവിശ്വാസം വളരെ വലുതായിരിക്കും.
ബുംറയുടെ പരിശീലനത്തിന്റെ വീഡിയോ ബി.സി.സി.ഐ സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടിരുന്നു. തന്റെ ട്രേഡ് മാര്‍ക്കുകളായ സ്വിംഗറുകളും യോര്‍ക്കറുകളുമെല്ലാം ബുംറ എറിയുന്നുണ്ട്. മത്സര ചൂടില്‍ താരത്തിന് മികവ് ഉയര്‍ത്താന്‍ കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഭാവിയെ മുന്നില്‍ കണ്ട് യുവകളിക്കാര്‍ക്ക് ഇടം നല്കിയ ടീമിനെയാണ് ഇന്ത്യ അയര്‍ലന്റിലേക്ക് അയച്ചിരിക്കുന്നത്. ഐ.പി.എല്ലില്‍ മികവ് കാട്ടിയിട്ടുള്ള ഭാവി താരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ തുടങ്ങിയവര്‍ ടീമിലുണ്ട്. എങ്കിലും ടീം പ്രധാനമായും ഉറ്റുനോക്കുന്നത് ബുംറയുടെ തിരിച്ചുവരവ് തന്നെ, പ്രത്യേകിച്ചും ഏകദിന ലോകകപ്പിന് ഇനി കഷ്ടിച്ച് രണ്ട് മാസത്തില്‍ താഴെ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍.
കഴിഞ്ഞ ട്വന്റി20 ലോകകപ്പിനുമുമ്പ് ഇന്ത്യയില്‍ ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിലാണ് ബുംറയെ പരിക്ക് പിടികൂടുന്നത്. ഇടുപ്പിനുണ്ടായ വലിവും നേരിയ പൊട്ടലും പരിഹരിക്കാന്‍ ശസ്ത്രക്രിയ വേണ്ടിവന്നു. പരിക്ക് ശരിക്കും ഭേദമാകാതെ ബുംറയെ ട്വന്റി20 ലോകകപ്പില്‍ കളിപ്പിക്കാന്‍ കോച്ച് ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും എടുത്ത തിരുമാനം വന്‍ തിരിച്ചടിയായി. പരിക്ക് മൂര്‍ഛിച്ച ബുംറക്ക് തന്റെ ഏഴ് വര്‍ഷം നീണ്ട കരിയറില്‍ ഏറ്റവും ദീര്‍ഘമായ കാലത്തേക്ക് കളത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ കരുതലോടെ, താരത്തിന്റെ പരിക്ക് പൂര്‍ണമായും ഭേദമായെന്ന് ഉറപ്പാക്കിയശേഷമാണ് ബുംറയെ ഇപ്പോള്‍ വീണ്ടും കളത്തിലിറക്കുന്നത്, അതും അത്ര വെല്ലുവിളി സൃഷ്ടിക്കാന്‍ ഇടയില്ലാത്ത അയര്‍ലന്റിനെതിരെ. ഓരോ മത്സരത്തിലും താരത്തിന് പരമാവധി നാല് ഓവര്‍ വീതം എറിഞ്ഞാല്‍ മതി. കുഴപ്പമൊന്നും ഇല്ലെന്നുറപ്പായാല്‍ കൂടുതല്‍ കടുപ്പമുള്ള മത്സരങ്ങളിലേക്ക് ബുംറ എത്തും. സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെ നടക്കുന്ന ഏഷ്യ കപ്പ് മത്സരമായിരിക്കും അതില്‍ പ്രധാനം. അഹമ്മദാബാദില്‍ ബാബര്‍ അസം അടക്കമുള്ള പാക് ബാറ്റ്സ്മാനെയാവും ബുംറക്ക് നേരിടേണ്ടിവരിക. അതുകഴിഞ്ഞാണ് ഏകദിന ലോകകപ്പ് വരുന്നത്. അതിലേക്കുള്ള തയാറെടുപ്പാണ് അയര്‍ലന്റിനെതിരായ പരമ്പര.
ബുംറ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരം മലയാളി വിക്കറ്റ് ബാറ്റ്സ്മാന് സഞ്ജു സാംസണാണ്. വെസ്റ്റിന്ഡിസീനിരെ ഇക്കഴിഞ്ഞ പരമ്പരയില്‍ സഞ്ജു കളിച്ചെങ്കിലും മികവ് കാട്ടാനായില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ന് കളിപ്പിക്കുമോ എന്നും ഉറപ്പില്ല. മെയിന്‍ ടീം മാനേജ്മെന്റില്‍നിന്ന് പ്രത്യേകം നിര്‍ദേശമൊന്നും കിട്ടിയില്ലെങ്കില്‍ സഞ്ജുവിനെ കോച്ച് സീതംശു കോട്ടക് കളിപ്പിക്കുന്ന കാര്യവും സംശയം. ഏഷ്യ കപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ സഞ്ജുവിന് ഒരവസരം കൂടി നല്‍കുമോ എന്നാണ് ഇനി അറിയാനള്ളത്.
അതേസമയം യുവ കളിക്കാരില്‍ ടീമിനും കോച്ചിനും വലിയ പ്രതീക്ഷയാണുള്ളത്. ജിതേഷും, റിങ്കുവും ഐ.പി.എല്ലില്‍ മികവ് തെളിയിച്ച് ടീം ഇന്ത്യയില്‍ ഇടം നേടിയവരാണ്. ശിവം ദുബേയും മികവ് കാട്ടാനൊരുങ്ങുന്നു. ഹാങ്ഷു ഏഷ്യന്‍ ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാനിടയുള്ളവരാണ് ഇവരെല്ലാം.
ബുംറയെപോലെ പരിക്കില്‍നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തിയതാണ് പ്രസിദ്ധ് കൃഷ്ണ. ഇന്ത്യയുടെ ഏകദിന ടീമില്‍ ഇടം ഉറപ്പുണ്ടായിരുന്ന കര്‍ണാടക ഫാസ്റ്റ് ബൗളര്‍ക്ക് നടുവിലെ പേശീവലിവാണ് തിരിച്ചടിയായത്. ശസ്ത്രക്രിയ വേണ്ടിവന്നു. താരം ഫിറ്റ്നസ് വീണ്ടെടുത്തോ എന്ന് ഈ പരമ്പരയില്‍ വ്യക്തമാവും. ഈ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും പ്രസിദ്ധ് കൃഷ്ണയെ ഏഷ്യ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണോ എന്ന് ബി.സി.സി.ഐ തീരുമാനിക്കുക.
ഇന്ത്യക്കെതിരെ ഇതുവരെ ഒരു മത്സരത്തിലും ജയിച്ചിട്ടില്ലെങ്കിലും പലപ്പോഴും വമ്പന്മാരെ അട്ടിമറിച്ച ചരിത്രമുള്ള അയര്‍ലന്റിനെ വളരെ ഗൗരവത്തോടെ തന്നെയാണ് ഇന്ത്യന്‍ ടീം കാണുന്നത്. ഹാരി ടെക്ടര്‍, ലോര്‍കാന്‍ ടക്കര്‍, ഇടങ്കയ്യന്‍ സ്പിന്നര്‍ ജോര്‍ജ് ഡോക് റെല്‍ എന്നിവര്‍ അദ്ഭുതങ്ങള്‍ കാട്ടാന്‍ കരുത്തുള്ളവരാണ്. അയര്‍ലന്റിന്റെ ഇടങ്കയ്യന്‍ പെയ്സ് ബൗളര്‍ ജോസ് ലിറ്റില്‍ കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു.






