കണ്ണൂരും തലശ്ശേരിയും പറക്കട്ടെ 

കേരളത്തിന് ഓണ സമ്മാനമായി ഒരു വിമാനത്താവളം കൂടി. കണ്ണൂർ മട്ടന്നൂരിൽ നിർമാണം പൂർത്തിയായി വരുന്ന വിമാനത്താവളം മറ്റു തടസങ്ങളൊന്നുമില്ലെങ്കിൽ അടുത്ത മാസം ഗതാഗതത്തിന് തുറന്നു കൊടുക്കും. തലശ്ശേരി, കണ്ണൂർ നഗരങ്ങളിൽനിന്ന് ഏതാണ്ട് തുല്യദൂരത്തിലാണ് മട്ടന്നൂരിനടുത്ത മൂർഖൻ പറമ്പിലെ പുതിയ എയർപോർട്ട്.സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെല്ലാം തൊട്ടടുത്ത ഒരു നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. 


 കേരളത്തിലെ ആദ്യ നഗരസഭകളാണ് കണ്ണൂരും തലശ്ശേരിയും. തിരുവിതാംകൂറും കൊച്ചിയും രാജ ഭരണത്തിൽ കഴിഞ്ഞിരുന്ന കാലയളവിൽ പരിഷ്‌കൃത രീതികൾ അനുഭവിച്ചറിഞ്ഞ പട്ടണങ്ങൾ. വൈദേശിക ഭരണത്തിന്റെ അടയാളങ്ങളായി കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയും അറക്കൽ കെട്ടും തലശ്ശേരിയിലെ കോട്ടയും പള്ളിയുമെല്ലാം നൂറ്റാണ്ടുകളുടെ സാക്ഷിയായി നില കൊള്ളുന്നു. ബ്രിട്ടീഷ് മലബാറിലെ ഈ രണ്ട് പട്ടണങ്ങളിലാണ് ആദ്യമായി ടൗൺ ബസ് സർവീസ് നടത്തിയത്. ഇംഗ്ലീഷ് ഭാഷാ സ്വാധീനം, നൂതന ഫാഷനുകൾ, ഭക്ഷ്യ സംസ്‌കാരം എന്നീ വിഷയങ്ങളിൽ മുന്നിട്ടു നിൽക്കുന്നു. പ്രചരിപ്പിക്കപ്പെടുന്ന കൊലപാതക രാഷ്ട്രീയം മേഖലയിലെ ഏതാനും ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്നോ നാലോ ദശകങ്ങൾക്കിടയിൽ കണ്ടു തുടങ്ങിയതാണ്. ഇരുനൂറാം വാർഷികം ആഘോഷിച്ച കോടതി തലശ്ശേരിയിലാണ്. ദേശാന്തര യാത്രകൾ രക്തത്തിൽ ലയിച്ചു ചേർന്ന പ്രദേശം. ഇന്ത്യൻ സർക്കസിന്റേയും ക്രിക്കറ്റിന്റേയും കേക്കിന്റേയും ഈറ്റില്ലമായ തലശ്ശേരിയിലെ സാഹസികരായ സംരംഭകർ മറ്റു പ്രദേശങ്ങളിൽ ആരംഭിച്ച ഭോജനശാലകൾ  വൻവിജയമായി മാറിയിട്ടുണ്ട്. തെയ്യങ്ങളുടേയും  തിറകളുടേയും നാട്. മൈതാനങ്ങളുടെ നഗരമെന്ന കണ്ണൂരിനോളം വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു പട്ടണം കേരളത്തിലില്ല. ഹൈദരാബാദ്-സെക്കന്തരാബാദ് മാതൃകയിൽ ഇരട്ട നഗരങ്ങളാക്കാനും അനുയോജ്യമാണ് വടക്കൻ കേരളത്തിലെ ഈ കേന്ദ്രങ്ങൾ. ഒരു കാര്യം ഉറപ്പാണ്. പുതിയ വിമാനത്താവളം യാഥാർഥ്യമാവുന്നതോടെ കണ്ണൂരും തലശ്ശേരിയും ഇപ്പോൾ കാണുന്നത് പോലെയായിരിക്കില്ല. 


ആഭ്യന്തര വിമാന യാത്രികരേക്കാൾ കൂടുതലായി വിദേശ യാത്രക്കാരെ പ്രതീക്ഷിക്കുന്നതാണ്  കണ്ണൂരിലെ പുതിയ വിമാനത്താവളം. നാട്ടിലെ തൊഴിൽ സാധ്യതകൾ കുറയുമ്പോൾ വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് പ്രതീക്ഷ വിദേശങ്ങളിലെ സാധ്യതകളാണ്. 
തൊഴിൽ അന്വേഷിച്ച് ലോകത്തിന്റെ  നാനാഭാഗത്തേക്കും മലയാളികൾ കുടിയേറ്റം തുടങ്ങിയിട്ട് കാലമേറെയായി.  നാല്  ദശകങ്ങൾക്ക്  മുമ്പ് ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടിയെത്തിയ  കേരളീയരുടെ പിന്മുറക്കാർ ആസ്‌ത്രേലിയ, കാനഡ, ന്യൂസിലാന്റ്, ബ്രിട്ടൻ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും  ഇപ്പോൾ തൊഴിലന്വേഷകരായി പോകുന്നു.  
വിദേശനാണ്യം നേടിതരുന്ന മറ്റൊരു മേഖലയായി വിനോദസഞ്ചാരരംഗം മാറിയിരിക്കുന്നു. അര നൂറ്റാണ്ടിനിടയിൽ ഇന്ത്യ സന്ദർശിക്കാനെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവ്  അഭിമാനകരമാണ്. 1950-ൽ വെറു പതിനേഴായിരം വിനോദ സഞ്ചാരികളെത്തിയ സ്ഥാനത്ത് കഴിഞ്ഞ വർഷം 2.87 മില്യൺ വിനോദ സഞ്ചാരികൾ എത്തിച്ചേർന്നു. ഇതിലൂടെ നാല് ബില്യൺ ഡോളർ  വിദേശ നാണയം നേടുകയും ചെയ്തു. 
കേരളത്തിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം (തിരുവനന്തപുരം) മാത്രമുണ്ടായിരുന്നപ്പോൾ കോഴിക്കോട്ട് അന്താരാഷ്ട്ര താവളം വേണമെന്ന  ആവശ്യമുയർന്നു. അന്ന് കേന്ദ്ര വ്യോമ ഗതാഗത മന്ത്രിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞത് അഞ്ഞൂറ് കിലോ മീറ്റർ ദൂരത്തിനിടക്ക് രണ്ടാമതൊരു അന്താരാഷ്ട്ര വിമാനത്താവളം പറ്റില്ലെന്നായിരുന്നു. ഇപ്പറഞ്ഞതിൽ കാര്യമില്ലെന്ന് പിൽക്കാലത്ത് നെടുമ്പാശ്ശേരിയും കരിപ്പൂരും രാജ്യാന്തര പദവിയിലേക്ക് ഉയർന്നപ്പോൾ വ്യക്തമാവുകയും ചെയ്തു. ലോകം വിരൽ തുമ്പിലൊതുങ്ങിയ ഇക്കാലത്ത് കടലുകൾ താണ്ടി ജീവിത മാർഗം തേടുന്ന യുവാക്കൾക്ക് കൂടുതൽ കവാടങ്ങൾ തുറക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. 
കുടകിലെ നാണ്യവിളകൾ മുതൽ മാട്ടൂൽ കടപ്പുറത്തെ ഉണക്കമീൻ വരെ കയറ്റുമതി ചെയ്ത് കോടികളുടെ വിദേശ നാണയ ശേഖരം വാരാനുള്ളതാണ് കണ്ണൂർ എയർപോർട്ട്. കൈത്തറിയുടെ സ്വന്തം നാട്ടിൽ നിന്നുള്ള തുണിത്തരങ്ങൾക്കും വിദേശ വിപണി കണ്ടെത്താം. 
സെപ്തംബറിൽ കമ്മിഷൻ ചെയ്യുന്ന വിമാനത്താവളത്തിൽ 700 കാറുകൾക്കും 200 ടാക്‌സികൾക്കും  25 ബസ്സുകൾക്കും  ഒരേ സമയം പാർക്ക് ചെയ്യാം.  4000 മീറ്റർ റൺവേക്കായി സ്ഥലം പൂർണമായി ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.  250 ഏക്കറോളം സ്ഥലം ഇനിയും വേണ്ടിവരും. റൺവേയുടെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ  നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂർ വിമാനത്താവളം. പാസഞ്ചർ ടെർമിനലിന്റെ വലുപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂർ എയർപോർട്ടിനുണ്ടാവുക. 2061 ഏക്കർ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തി. 95,000 ചതുരശ്രമീറ്റർ ആണ് പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ വിസ്തൃതി.  48 ചെക്ക് ഇൻ കൗണ്ടർ, 16 എമിഗ്രേഷൻ കൗണ്ടർ, 16 കസ്റ്റംസ് കൗണ്ടർ, 12 എസ്‌കലേറ്റർ, 15 എലിവേറ്റർ എന്നിവയുമുണ്ടാകും. 
1996 ജനുവരി 19ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ചത്. പുതിയാപ്ലയുടെ എയർപോർട്ടെന്നാണ് സരസനായ മുൻ മുഖ്യമന്ത്രി ഇ.കെ വിശേഷിപ്പിക്കാറുള്ളത്. കർണാടകയിൽ സ്ഥിരതാമസമാക്കിയ ഇബ്രാഹിമിന്റെ ബന്ധുക്കൾ മട്ടന്നൂർ പ്രദേശത്ത് ധാരാളമായുണ്ട്. 


2013 ജൂലൈയിലാണ് വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി  ലഭിച്ചത്. നിർമ്മാണ ഉദഘാടനം 2014 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി നിർവ്വഹിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കോടിയേരി ബാലകൃഷ്ണൻ, കെ സുധാകരൻ, പി കരുണാകരൻ, ഇപി ജയരാജൻ എംഎൽഎ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. 2016 ഫെബ്രുവരി 29നാണ് ആദ്യ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. ഭരണം പൂർത്തിയാകുന്നതിന്റെ  അവസാന മാസങ്ങളിൽ ധൃതി പിടിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ റൺവേ പോലും പൂർത്തിയാകാതെ പരീക്ഷണ പറത്തൽ നടത്തിയത്. കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ വ്യോമസേനയുടെ കൊച്ചു വിമാനം കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത് രാഷ്ട്രീയ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
കർണാടക-കേരള അതിർത്തിയായ കൂട്ടുപുഴ മുതൽ മട്ടന്നൂർ വരെയും കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്ന് എയർപോർട്ട് വരെയുമുള്ള റോഡുകളുടെ നില മെച്ചപ്പെടുത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. 
കോഴിക്കോട് ജില്ലയിലെ പയ്യോളി മുതലുള്ള പ്രദേശങ്ങൾ, വടക്കേ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ, കർണാടകയിലെ കുടക്, തമിഴുനാട്ടിലെ നീലഗിരി ജില്ലകളിൽ  നിന്നെല്ലാം പുതിയ വിമാനത്താവളം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. 
വിമാനത്താവളത്തിന്റെ സമീപ നഗരങ്ങളായ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുമുള്ള റോഡുകളുടെ നിലവാരവും മെച്ചപ്പെടുത്തി വരികയാണ്.  അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുമ്പോൾ പ്രധാന പരിമിതി നക്ഷത്ര സൗകര്യമുള്ള ഹോട്ടലുകളില്ലെന്നതാണ്.  തുടക്കത്തിൽ കണ്ണൂരിലെയും തലശ്ശേരിയിലേയും ഹോട്ടലുകളെ എയർലൈനുകൾക്ക് ആശ്രയിക്കേണ്ടിവരും. തലശ്ശേരിയിൽ നിന്ന് മട്ടന്നൂർ വരെ റെയിൽപാത പണിയുമെന്ന് മുമ്പൊരു റെയിൽവേ ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു. മാഹിയിൽ ഫ്രഞ്ചുകാരും തലശ്ശേരിയിലും കണ്ണൂരിലും മറ്റു പാശ്ചാത്യരും എത്തിയിരുന്നത് പഴയ കഥ. തലശ്ശേരിയിൽ നിന്ന് ഒരു വർത്തക പ്രമാണി പരിശുദ്ധ മക്കയിലെത്തി മലബാറിൽ നിന്നുള്ള യാത്രികർക്ക് താമസ സൗകര്യത്തിന് കേന്ദ്രം പണിതത് ചരിത്രം. അറബിക്കടലിൽ ചിതറിക്കിടക്കുന്ന പവിഴമുത്തുക്കളായ ലക്ഷദ്വീപുകളെ ഭരിച്ചിരുന്നത് കണ്ണൂരിലെ അറക്കൽ ബീവി. ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ രചിക്കാൻ കണ്ണൂരും തലശ്ശേരിയും അനന്ത വിഹായസുകളിലേക്ക് പറന്നുയരുകയായി.  

Latest News