ന്യൂദല്‍ഹി- ഉത്തേജക പരിശോധനയില്‍ മരുന്നടിച്ചതായി കണ്ടെത്തിയ ഇന്ത്യയുടെ സ്പ്രിന്റ് റാണി ദുതീ ചന്ദിന് നാല് വര്‍ഷം വിലക്ക്. ഈ വര്‍ഷം ജനുവരി മൂന്ന് മുതലാണ് വിലക്ക് നിലവില്‍ വന്നതെന്ന് ഉത്തേജക വിരുദ്ധ അച്ചടക്ക സമിതി (എ.ഡി.ഡി.പി) അധ്യക്ഷ ചൈതന്യ മഹാജന് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മത്സരങ്ങളില്ലാതിരുന്ന വേളയില്‍ നടത്തിയ രണ്ട് ഉത്തേജക പരിശോധനയില്‍ ദുതീ പരാജയപ്പെട്ടിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്. അന്ഡാറിന്, ഒസ്റ്റാറിന്‍, ലിഗാണ്ഡ്രോള് എന്നീ അനബോളിക് ഏജന്റുകളാണ് ദുതീയുടെ സാമ്പിളില്‍ കണ്ടെടത്തിയത്. സാമ്പിള്‍ നല്കിയ ഡിസംബര്‍ അഞ്ച് മുതല്‍ വിലക്ക് നിലനില്‍ക്കുന്ന കാലം വരെ താരം നേടുന്ന എല്ലാ മത്സര വിജയങ്ങളും, മെഡലുകളും അസാധുവായിരിക്കുമെന് എ.ഡി.ഡി.പി അധ്യക്ഷ വെളിപ്പെടുത്തി.
കഴിഞ്ഞ ഡിസംബര്‍ അഞ്ച്, 26 തിയതികളിലായിരുന്നു സാമ്പിള്‍ പരിശോധന. രണ്ട് പരിശോധനയിലും നിരോധിത ഉത്തേജക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏഴ് ദിവസത്തിനകം ബി സാമ്പിള്‍ പരിശോധന ആവശ്യപ്പെടാന്‍ അവസരമുണ്ടായിരുന്നെങ്കിലും ദുതീ അതിന് തുനിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് നടപടി വന്നത്.
ഇന്ത്യ കണ്ട ഏറ്റവും വേഗമുള്ള വനിതാ അത്ലറ്റായ ദുതീ ചന്ദിനെതിരെ ഉണ്ടായ നടപടി രാജ്യത്തെ കായികമേഖലക്ക് ഞെട്ടലായി. 11.17 സെക്കന്‍ഡില്‍ നൂറ് മീറ്റര്‍ ഓടിയ ദുതീയുടെ പേരിലാണ് നിലവില്‍ ദേശീയ റെക്കോടഡ്. 2021ല്‍ പാട്യാലയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ്പ്രിയിലാണ് ഒഡീഷക്കാരി റെക്കോഡ് കുറിച്ചത്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ദുതീ രണ്ട് വെള്ളി മെഡലുകള്‍ നേടിയിരുന്നു.






