പ്രീസീസണിനായി ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക്

കൊച്ചി- പ്രീസീസണ്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മാസം യുഎഇയിലേക്ക്. സെപ്റ്റംബര്‍ 5 മുതല്‍ 16 വരെ 11 ദിവസം യു എ ഇയില്‍ നടക്കുന്ന പരിശീലന ക്യാമ്പില്‍ ബ്ലാസ്റ്റേഴ്സ് പങ്കെടുക്കും. യുഎഇ പ്രോലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും കളിക്കും. സെപ്റ്റംബര്‍ 9ന് അല്‍ വാസല്‍ എഫ്സിക്കെതിരെയാണ് സബീല്‍ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. 12ന് ഷാര്‍ജ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്ബോള്‍ ക്ലബ്ബിനെയും, 15ന് കഴിഞ്ഞ വര്‍ഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും. അല്‍ അവിര്‍ ദുബായിലാണ് മത്സരം. മിഡില്‍ ഈസ്റ്റിലുള്ള ബ്ലാസ്റ്റേഴ്സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീസീസണ്‍ ടൂര്‍ മാറും. ആരാധകര്‍ക്ക് മത്സരം കാണാന്‍ അവസരമുണ്ടാവും. സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുമ്പായുള്ള ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം. നിലവില്‍ ഡ്യൂറന്‍ഡ് കപ്പില്‍ പങ്കെടുക്കുന്ന ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ്സിയോട് 4-3ന് തോറ്റിരുന്നു. 

മിലോസ് ഡ്രിങ്കിച്ച്
കേരള ബ്ലാസ്റ്റേഴ്സില്‍
കൊച്ചി- ഒരു വിദേശ താരം കൂടി കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍. മോണ്ടിനെഗ്രോയുടെ സെന്റര്‍ ബാക്ക് മിലോസ് ഡ്രിങിച്ചാണ് ടീമിലെത്തിയ പുതിയ താരം. 24കാരനുമായി ഒരു വര്‍ഷത്തെ കരാറില്‍ ടീം ഒപ്പിട്ടു. മോണ്ടിനെഗ്രോ, ബെലാറസ് രാജ്യങ്ങളിലെ മുന്‍നിര  ക്ലബുകളിലായി 230ലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ക്വാളിഫയേഴ്സ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ കളിച്ചു. 
മോണ്ടിനെഗ്രോയുടെ അ്ണ്ടര്‍-17, അണ്ടര്‍-19, അണ്ടര്‍-23 ടീമുകളുടെയും ഭാഗമായിരുന്നു.

 

Latest News