കൊല്‍ക്കത്ത - പഞ്ചാബ് എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് ഈസ്റ്റ്ബംഗാള്‍ ഡ്യൂറന്റ് കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പുതുതായി ടീമിലെത്തിയ ഹവിയര്‍ സവിയേരോയാണ് വിജയ ഗോള്‍ കണ്ടെത്തിയത്.
സാവധാനം തുടങ്ങി താളം കണ്ടെത്തിയ ഈസ്റ്റ്ബംഗാള്‍ പതിനെട്ടാം മിനിറ്റില്‍ സവിയേരോയുടെ ഹെഡറിലൂടെയാണ് മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കില്‍ നിന്നായിരുന്നു ഗോള്‍. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് പഞ്ചാബ് ഏക അവസരം തുറന്നെടുത്തത്. രണ്ടാം പകുതി നന്നായി തുടങ്ങിയ ശേഷം അലക്ഷ്യമായി മുന്നോട്ടുപോയി.
മറ്റൊരു കളിയില്‍ എഫ്.സി ഗോവ മറുപടിയില്ലാത്ത മൂന്നു ഗോളിന് ഡൗണ്ടൗണ് ഹീറോസിനെ തകര്‍ത്തു. മുഹമ്മദ് നെമില്‍, കാര്‍ലോസ് മാര്‍ടിനെസ്, ദേവേന്ദ്ര മുഡ്ഗോക്കര് എന്നിവരാണ് ഗോവയുടെ ഗോളടിച്ചത്. ഗോവയും നോക്കൗട്ടിലേക്ക് മുന്നേറി.






