ബുംറയുടെ കീഴില്‍  രണ്ടാം നിര അയര്‍ലന്റില്‍

ഡബ്ലിന്‍ - ദീര്‍ഘകാലമായി പരിക്കു കാരണം വിട്ടുനില്‍ക്കുകയായിരുന്ന പെയ്‌സ്ബൗളര്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ രണ്ടാം നിര ക്രിക്കറ്റ് ടീം അയര്‍ന്റ് പര്യടനത്തിനെത്തി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കുന്ന ഋതുരാജ് ഗെയ്ക്‌വാദാണ് അയര്‍ലന്റില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. പ്രസിദ്ധ് കൃഷ്ണ, റിങ്കു സിംഗ്, ശിവം ദൂബെ, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ശഹ്ബാസ് അഹമദ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, രവി ബിഷ്‌ണോയ്, അര്‍ഷദീപ് സിംഗ്, മുകേഷ് കുമാര്‍, അവേശ് ഖാന്‍ തുടങ്ങിയവരും ടീമിലുണ്ട്. 
മൂന്ന് ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 18, 20, 23 തിയ്യതികളില്‍. മൂന്നു കളികളും ഡബ്ലിനിലെ മാലഹൈഡ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ്. 2022 ല്‍ അവസാനമായി ഈ ടീമുകള്‍ രണ്ടു മത്സര പരമ്പരയില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-0 ന് ഇന്ത്യ ജയിക്കുകയായിരുന്നു. 
2022 ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ബുംറ പുറംവേദനയുമായി വലയുകയായിരുന്നു. ശസ്ത്രക്രിയക്കു ശേഷമാണ് തിരിച്ചുവരുന്നത്. ആദ്യമായാണ് ട്വന്റി20 ടീമിനെ നയിക്കുക. പ്രസിദ്ധ് കൃഷ്ണ 2022 ഓഗസ്റ്റ് മുതല്‍ ടീമിന് പുറത്താണ്. 

Latest News