മാഞ്ചസ്റ്ററിന്റെ ജയം, റഫറിമാര്‍ക്ക് വിലക്ക്‌

മാഞ്ചസ്റ്റര്‍ - വുള്‍വര്‍ഹാംപ്റ്റന്റെ കടന്നാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യ കളിയില്‍ വിജയം പിടിച്ചു. അവസാന വേളയില്‍ റഫായേല്‍ വരാന്റെ ഹെഡര്‍ ഗോളാണ് സ്വന്തം ഗ്രൗണ്ടിലെ പരാജയത്തില്‍ നിന്ന് യുനൈറ്റഡിനെ രക്ഷിച്ചത്. പുതിയ യുനൈറ്റഡ് ഗോളി ആന്ദ്രെ ഒനാന മിന്നുന്ന ഫോമിലായിരുന്നു. അന്ത്യ നിമിഷങ്ങളില്‍ വുള്‍വര്‍ഹാംപ്റ്റന്റെ ശക്തമായ പെനാല്‍ട്ടി അപ്പീല്‍ റഫറി അവഗണിച്ചു. ഒരു ക്രോസ് തടുക്കാന്‍ ശ്രമിക്കവെ സാസ കലായ്‌സിച്ചിന്റെ മുഖത്തടിച്ചെങ്കിലും റഫറിയോ വീഡിയൊ റഫറിയോ ഇടപെട്ടില്ല. തല തെറിക്കുന്ന രീതിയില്‍ അടിച്ചാല്‍ പെനാല്‍ട്ടി നല്‍കേണ്ടതായിരുന്നുവെന്ന് വുള്‍വര്‍ഹാംപ്റ്റന്‍ കോച്ച് ഗാരി ഒനീല്‍ പറഞ്ഞു. റഫറികളുടെ മേധാവി ജോണ്‍ മോസ് വിളിച്ച് പിഴവിന് ക്ഷമ ചോദിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. 
ആദ്യ കളിയിലെ പ്രകടനം യുനൈറ്റഡിന്റെ കരുത്തിനെക്കുറിച്ച നിരവധി സംശയങ്ങളുയര്‍ത്തുന്നതായിരുന്നു. ഒനാനക്കും മിഡ്ഫീല്‍ഡര്‍ മെയ്‌സന്‍ മൗണ്ടിനും യുനൈറ്റഡ് അരങ്ങേറ്റത്തിന് അവസരമൊരുക്കി. 

യുനൈറ്റഡിനെതിരായ കളിയില്‍ വുള്‍വര്‍ഹാംപ്റ്റന് കിട്ടേണ്ടിയിരുന്ന വ്യക്തമായ പെനാല്‍ട്ടി അവഗണച്ചതിന് റഫറിമാരായ സൈമണ്‍ ഹൂപര്‍, മിഷേല്‍ സാലിസ്ബറി, റിച്ചാഡ് വെസ്റ്റ് എന്നിവരെ ഒരു കളിയില്‍ നിന്ന് വിലക്കി. രണ്ടാം റൗണ്ട് മത്സരങ്ങളില്‍ നിന്നാണ് അവരെ ഒഴിവാക്കിയത്. 
ഇഞ്ചുറി ടൈമില്‍ യുനൈറ്റഡിന്റെ പുതുമുഖ ഗോളി ആന്ദ്രെ ഒനാന ഒരു ക്രോസ് തടയാന്‍ ശ്രമിക്കവെ വുള്‍വര്‍ഹാംപ്റ്റന്റെ സാസ കലായ്‌സിച്ചിനെ അടിച്ചുവീഴ്ത്തുകയായിരുന്നു. 
ഹൂപറായിരുന്നു ഫീല്‍ഡ് റഫറി, സാലിസ്ബറിയും വെസ്റ്റും വീഡിയൊ അസിസ്റ്റന്റ് റഫറിമാരും. പിഴവ് സംഭവിച്ചതില്‍ റഫറീസ് മാനേജര്‍ ജോണ്‍ മോസ് വുള്‍വര്‍ഹാംപ്റ്റന്‍ കോച്ച് ഗാരി ഒനീലിനെ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. 
കഴിഞ്ഞ ഏപ്രിലില്‍ ബ്രൈറ്റന്‍-ടോട്ടനം മത്സരത്തില്‍ സാലിസ്ബറി സമാനമായ പിഴവ് വരുത്തിയിരുന്നു. അന്നും അടുത്ത റൗണ്ട് കളികളില്‍ നിന്ന് മാറ്റിനിര്‍ത്തി. 


 

Latest News