ഓക്ലന്റ് - 89ാം മിനിറ്റില്‍ ഓല്‍ഗ കാര്‍മോണ നേടിയ ഗോളില്‍ സ്പെയിന് ആദ്യമായി വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനലില്‍. ലോക മൂന്നാം നമ്പര്‍ സ്വീഡനെ 2-1 നാണ് സ്പെയിന് തോല്പിച്ചത്. ഗ്രൂപ്പ് മത്സരത്തില്‍ ജപ്പാനോട് 0-4 ന് തകര്‍ന്ന ശേഷമാണ് സ്പെയിന് കുതിപ്പാരംഭിച്ചത്. കോച്ച് ജോര്‍ജെ വില്ദക്കെതിരെ കഴിഞ്ഞ വര്‍ഷം കളിക്കാര്‍ കൊട്ടാരവിപ്ലവം നടത്തിയത് ടീമിന്റെ ഒരുക്കങ്ങളെ ഗുരുതരമായി ബാധിച്ചിരുന്നു. 15 കളിക്കാര്‍ കോച്ചിനെതിരെ രംഗത്തു വന്നിരുന്നു. അവരില്‍ മൂന്നു പേര് ലോകകപ്പ് ടീമിലുണ്ട്. തനിക്ക് പിന്തുണ തന്നതിന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് വില്‍ദ നന്ദി പറഞ്ഞു.
നാടകീയമായിരുന്നു അവസാന നിമിഷങ്ങള്‍. കളി എക്സ്ട്രാ ടൈമിലേക്ക് പോവുമെന്ന് തോന്നിയ ശേഷം അവസാന 10 മിനിറ്റിലായിരുന്നു മൂന്നു ഗോളും. പത്തൊമ്പതുകാരി സൂപ്പര്‍ സബ് സല്‍മ പരലുയേലോയിലൂടെ സ്പെയിന് 81ാം മിനിറ്റില്‍ ലീഡ് നേടി. 88ാം മിനിറ്റില്‍ റെബേക്ക ബ്ലോംക്വിസ്റ്റ് തിരിച്ചടിച്ചു. 90 സെക്കന്റ് പിന്നിടും മുമ്പെ സെസീറ മുസോവിച് കാവല്‍ നിന്ന സ്വീഡിഷ് വല കുലുങ്ങി. 89ാം മിനിറ്റിലായിരുന്നു ഓല്‍ഗയുടെ വിജയഗോള്‍. നെതര്‍ലാന്റ്സിനെതിരായ ക്വാര്‍ട്ടര്‍ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ വിജയ ഗോളടിച്ചതും സല്‍മയായിരുന്നു. അഞ്ചു തവണ സെമി കളിച്ച സ്വീഡന് നാലാം തവണയാണ് തോല്‍ക്കുന്നത്. മൂന്നു തവണ അവര്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
സ്പെയിന് മൂന്നാം തവണയാണ് ലോകകപ്പ് കളിക്കുന്നത്. സ്വീഡന് 2003 ല്‍ റണ്ണേഴ്സ്അപ്പായിരുന്നു. രണ്ടു വര്‍ഷം ടോക്കിയൊ ഒളിംപിക്സിലും അവര്‍ ഫൈനലിലെത്തി. 2016 ലെ ഒളിംപിക്സിലും ഫൈനല്‍ കളിച്ചിരുന്നു.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച ടീമുകളിലൊന്നായിരുന്നു സ്വീഡന്. മൂന്നു കളിയും ജയിച്ച അവര്‍ കഴിഞ്ഞ രണ്ടു തവണ ചാമ്പ്യന്മാരായ അമേരിക്കയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നു. അജയ്യരായി മുന്നേറിയ ജപ്പാനെ ക്വാര്‍ട്ടറില്‍ കീഴടക്കി.






