ആ ബൂട്ട് നിശ്ചലമായി, ഹബീബ് ഇനി ജ്വലിക്കുന്ന ഓര്‍മ

 

-ഇന്ത്യന്‍ പെലെ മുഹമ്മദ് ഹബീബ് 74ാം വയസ്സില്‍ അന്തരിച്ചു



കൊല്‍ക്കത്ത - ഹൈദരാബാദ് ഫുട്‌ബോള്‍ ഇന്ത്യക്ക് സമ്മാനിച്ച ഏറ്റവും മികച്ച പ്രതിഭ മുഹമ്മദ് ഹബീബ് എഴുപത്തിനാലാം വയസ്സില്‍ അന്തരിച്ചു. സാക്ഷാല്‍ പെലെക്കെതിരായ കൊല്‍ക്കത്തയിലെ കളിയില്‍ മോഹന്‍ബഗാനു വേണ്ടി തിളങ്ങുകയും പെലെയുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്ത ഹബീബ് ഇന്ത്യന്‍ പെലെ എന്നാണ് അറിയപ്പെടുന്നത്. മഴന നനഞ്ഞ ഗ്രൗണ്ടിലെ ആ കളിയില്‍ പെലെയെക്കാള്‍ മികച്ചുനിന്നത് ഹബീബായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ മകന്റെ കുടുംബത്തിന്റെ കൂടെ ഏറെക്കാലം അദ്ദേഹം വിശ്രമജീവിതം നയിച്ചിരുന്നു. മലയാളികളുടെയുള്‍പ്പെടെ ഫുട്‌ബോള്‍ കൂട്ടായ്മകളില്‍ ഹബീബ് അക്കാലത്ത് കളിയോര്‍മകള്‍ പങ്കിടാന്‍ എത്തിയിരുന്നു. രണ്ടു വര്‍ഷമായി ഓര്‍മനാശവും പാര്‍ക്കിന്‍സന്‍ സിന്‍ഡ്രോമും അലട്ടിയിരുന്നു. 
ഹബീബ് കൊല്‍ക്കത്തയിലെ മൂന്ന് പ്രധാന ക്ലബ്ബുകള്‍ക്കും കളിച്ചിട്ടുണ്ട്. പിന്നീട് ടാറ്റാ ഫുട്‌ബോള്‍ അക്കാദമി കോച്ചെന്ന നിലയില്‍ നിരവധി കളിക്കാരുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു. ഹബീബിന്റെ സഹോദരന്‍ അക്ബറും കിടയറ്റ കളിക്കാരനായിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളും ജീവിച്ചിരിപ്പുണ്ട്‌
1965-76 കാലഘട്ടത്തിലാണ് അദ്ദേഹം ഇന്ത്യക്കു കളിച്ചത്. ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളെന്നാണ് പലരും ഹബീബിനെ വിശേഷിപ്പിക്കുന്നത്. 1970 ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയതാണ് രാജ്യാന്തര തലത്തില്‍ ഏറ്റവും മികച്ച നേട്ടം. ആ ടീമിനെ പരിശീലിപ്പിച്ചത് പി.കെ ബാനര്‍ജിയായിരുന്നു. നയിച്ചത് സഹ ഹൈദരാബാദിയായ സെയ്ദ് നഈമുദ്ദീനും. 1977 ല്‍ പെലെയുടെ ന്യൂയോര്‍ക്ക് കോസ്‌മോസിനെതിരെ മോഹന്‍ബഗാനു കളിച്ചതാണ് ഹബീബിന്റെ ഏറ്റവും മികച്ച ഓര്‍മകള്‍. 1971 ല്‍ മുഹമ്മദന്‍സിന്റെ ജഴ്‌സി ധരിച്ചത് ഏറ്റവും വലിയ അഭിമാനമാണെന്ന് പലവുരു അദ്ദേഹം പറഞ്ഞിട്ടുണ്ട്. കുറിയ മനുഷ്യനായ ഹബീബ് ഇന്ത്യന്‍ ഫുട്‌ബോളില്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരങ്ങള്‍ കീഴടക്കി. 1966 മുതല്‍ 17 വര്‍ഷം കല്‍ക്കത്ത ഗ്രൗണ്ടുകളുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ചക്രവര്‍ത്തിയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രൊഫഷനല്‍ അക്കാദമിയായി ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയെ വളര്‍ത്തിയെടുത്തതും അദ്ദേഹമാണ്. 
ഹബീബ് സേട്ട് നാഗ്ജി ട്രോഫിയില്‍ കളിക്കാന്‍ കോഴിക്കോട്ടെത്തുമ്പോള്‍ കേരളത്തിന്റെ നാനാഭാഗത്തു നിന്ന് ഫുട്‌ബോള്‍ പ്രേമികള്‍ അവിടേക്ക് ഒഴുകിയെത്താറുണ്ട്. കേരള ഫുട്‌ബോളിനെക്കുറിച്ച് ഹബീബിനും മായാത്ത ഓര്‍മകളാണ്. ഒരു ടൂര്‍ണമെന്റില്‍ നിന്ന് മറ്റൊന്നിലേക്കായി രണ്ടു മാസത്തോളം തങ്ങള്‍ കേരളത്തിന്റെ ഒരു മൂലയില്‍ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിച്ച കാര്യം അദ്ദേഹം ഓര്‍ത്തിരുന്നു. 
ഹബീബ് എന്ന കളിക്കാരനാണോ ഹബീബ് എന്ന കോച്ചാണോ മികച്ചത് എന്നു ചോദിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രയാസമാവും. പെലെയുടെയും ഫ്രാന്‍സ് ബെക്കന്‍ബവറുടെയും ടീമിനെതിരെ ഗോളടിച്ചിട്ടുണ്ട് ഈ ഹൈദരാബാദുകാരന്‍. ഇരുവരുമുള്‍പ്പെട്ട ന്യൂയോര്‍ക്ക് കോസ്‌മോസ് ക്ലബ്ബ് 1977 ല്‍ കൊല്‍ക്കത്തയില്‍ കളിച്ചപ്പോള്‍. പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തുകയും ഇന്ത്യയെ നയിക്കുകയും ചെയ്തു അദ്ദേഹം. കല്‍ക്കത്ത ഫുട്‌ബോളിന്റെ പ്രതാപകാലത്ത് അവിടത്തെ മൂന്ന് ക്ലബ്ബുകളുടെയും കുപ്പായമിട്ടു. 17 വര്‍ഷം അദ്ദേഹം കല്‍ക്കത്തയില്‍ കളിച്ചു. അന്യ സംസ്ഥാനക്കാരനായ മറ്റൊരു കളിക്കാരനും ഇത്ര ദീര്‍ഘകാലം കല്‍ക്കത്തയുടെ മനം കവരാനായിട്ടില്ല. ഏഷ്യന്‍ ഇലവനില്‍ മൂന്നു തവണ ഇടം നേടി. 
ഹബീബ് എന്ന കോച്ചിന് അതിനെക്കാള്‍ മികച്ച റെക്കോര്‍ഡുണ്ട്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിലെ പതിനെട്ടു പേര്‍ ഹബീബ് കണ്ടെടുത്തവരായിരുന്നു. 17 വര്‍ഷത്തോളം അദ്ദേഹം ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടെ കോച്ചായി. അക്കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ കളിത്തൊട്ടിലായിരുന്നു അക്കാദമി. എണ്ണമറ്റ കളിക്കാര്‍ ടി.എഫ്.എയിലൂടെ ഇന്ത്യന്‍ കുപ്പായമിട്ടു. മുഹമ്മദന്‍സിന്റെയും ഐ.ഐ.ടി ബാംഗ്ലൂരിന്റെയും കൊല്‍ക്കത്തയിലെ ഐ.എഫ്.എ അക്കാദമിയുടെയും കോച്ചായി. ഇന്ത്യന്‍ യൂത്ത് ടീമിനെ പരിശീലിപ്പിച്ചു. എന്നിട്ടും ഏറെ വൈകി 1980 ലാണ് രാജ്യം അദ്ദേഹത്തിന അര്‍ജുന ബഹുമതി സമ്മാനിച്ചത്. 
അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിരീക്ഷകനും അര്‍ജുന, പത്മ ബഹുമതികളുടെ സെലക്ഷന്‍ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു. 
അധ്യാപകനായിരുന്നു ഹബീബിന്റെ പിതാവ്. ആറ് സഹോദരന്മാരായിരുന്നു അവര്‍. സിറ്റി കോളേജ് ഓള്‍ഡ് ബോയ്‌സിലൂടെയാണ് അറുപതുകളുടെ തുടക്കത്തില്‍ പതിനാറാം വയസ്സില്‍ ഹബീബ് കൊല്‍ക്കത്തയിലെത്തിയത്. ഹബീബ് കല്‍ക്കത്തയിലെത്തി രണ്ടു വര്‍ഷത്തിനു ശേഷം മോയിന്‍ മുഹമ്മദന്‍സില്‍ ചേര്‍ന്നു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ സഹോദരന്‍ മുഹമ്മദ് ഫരീദും പ്രൊഫഷനല്‍ ഫുട്‌ബോളറായി. ആറു പേരും വൈകാതെ കളിക്കളത്തില്‍ തിളങ്ങി. എന്നാല്‍ ഹബീബും അക്ബറുമാണ് ഉയരങ്ങള്‍ കീഴടക്കിയത്.

Latest News